Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരേ ഒരു ഇൻഡ്യ; ഒ​രേ ഒരു ശബ്ദം

text_fields
bookmark_border
യുവജനങ്ങളെ അടിച്ചൊതുക്കിയും തടവിലിട്ടും നിശബ്ദമാക്കാമെന്നു കരുതിയവർക്ക് തെറ്റി. വോട്ടുവെട്ടി പുറത്താക്കി പൗരാവകാശം കവർന്നെടുക്കാനുള്ള ഭരണകൂട തന്ത്രത്തിനെതിരെ രാജ്യം ഒരുമിച്ച് ഒറ്റക്കെട്ടായി പൊരുതാനിറങ്ങിയിരിക്കുന്നു. പ്രതിപക്ഷ ഇൻഡ്യ മുന്നണിയുടെ മുതിർന്ന നേതാക്കൾ അണിനിരന്ന മഹാറാലിയോടെ സംഘടിതമായ പ്രക്ഷോഭങ്ങൾക്ക് തുടക്കമായിരിക്കുന്നു
ഒരേ ഒരു ഇൻഡ്യ; ഒ​രേ ഒരു ശബ്ദം
cancel

ന്യൂഡൽഹി: വോട്ടുകൊള്ളക്കെതിരെ ഇൻഡ്യ സഖ്യം സംഘടിപ്പിച്ച രാംലീല റാലിയിൽ കണ്ടത് ഒരൊറ്റ ഇന്ത്യയെ. ജനാധിപത്യവും ഭരണഘടനയും വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ, പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി രംഗത്തുവന്നത് രാജ്യത്തെ ജനങ്ങൾക്ക് വലിയ ആത്മവിശ്വാസമാണ് പകരുന്നത്. മഹാറാലിയുടെ വൻ വിജയം ​ദേശീയ രാഷ്ട്രീയത്തിൽ നിർണായകമാവും. വിവിധ ആശയധാരകളിൽ നിന്നുള്ള പാർട്ടികളുടെയും ജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ റാലി വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങളുടെ ദിശ വ്യക്തമാക്കുന്നതായിരുന്നു. മോദി ഭരണത്തിന് അന്ത്യം കുറിക്കണമെന്ന ലക്ഷ്യത്തിൽ ഏവരുടെയും മനമൊന്നാണെന്ന് പ്രസംഗങ്ങൾ വിളിച്ചോതി. മെഹ്ബൂബ മുഫ്തിയും ഫാറൂഖ് അബ്ദുല്ലയും ജമ്മു കശ്മീരിന്റെയും ന്യൂനപക്ഷങ്ങളുടെയും ശബ്ദവും കേൾപ്പിച്ചു. കേരളത്തിൽ നിന്നുള്ള ഭരണ-പ്രതിപക്ഷ നേതാക്കളുടെ സംയുക്ത സാന്നിധ്യം കേരളത്തിന്റെ മതേതര മനസ്സിന്റെ പ്രഖ്യാപനം കൂടിയായി മാറി.

റാലിയിൽ പങ്കെടുത്ത പ്രമുഖ നേതാക്കൾ ​ഒന്നടങ്കം ഒത്തൊരുമയോടെ ജനാധിപത്യം പ്രതിരോധിക്കാനാണ് ആവശ്യപ്പെട്ടത്. മമത ബാനർജിയും എം.എ. ബേബിയും രാഹുൽ ഗാന്ധിയുമെല്ലാം ജനാധിപത്യ അട്ടിമറിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചു.

ഇന്ത്യയിലെ ഫാഷിസ്റ്റ് പ്രവണതകൾക്കുള്ള അവസാനത്തിന്റെ തുടക്കമായേക്കാവുന്ന താക്കീതാണ് ഈ ജനസാഗരം. ഈ ഒത്തൊരുമ വരുംകാലങ്ങളിൽ രാഷ്ട്രീയമായി വലിയ മാറ്റങ്ങൾക്ക് കളമൊരുക്കുമെന്നുറപ്പാണ്.

കേരള നേതാക്കൾ ഒറ്റക്കെട്ടായി രാംലീലയിൽ

ന്യൂഡൽഹി: കേരളത്തിലെ ഭരണ-പ്രതിപക്ഷ മുന്നണി നേതാക്കളും യുവജന നേതാക്കളും ഒറ്റക്കെട്ടായി അണിനിരന്നപ്പോൾ ‘ചലോ ദില്ലി’ മാർച്ചിൽ കേരളത്തിന്റെ പങ്കാളിത്തം ഉജ്ജ്വലമായി.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനത്തിനൊപ്പം നീങ്ങിയ പ്രത്യേകം സജ്ജീകരിച്ച തുറന്ന വാഹനത്തിലാണ് മറ്റ് കോൺഗ്രസ് മുഖ്യമന്ത്രിമാർക്കൊപ്പം വി.ഡി. സതീശൻ മൈതാനിയിലെത്തിയത്. കേരള ഹൗസിൽ നിന്ന് പ്രത്യേകം വാഹനങ്ങളിൽ കേരള മന്ത്രിസഭാംഗങ്ങളും മറ്റ് നേതാക്കളും പ്രതിഷേധ വേദിയിലേക്ക് എത്തിയപ്പോൾ എം.പിമാർ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്നാണ് പുറപ്പെട്ടത്. എം.എൽ.എമാർ,സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പോളിറ്റ് ബ്യൂറോ അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഇൻഡ്യ മുന്നണി ഘടകകക്ഷികളുടെ യുവജന-വിദ്യാർഥി നേതാക്കൾ തുടങ്ങിയവരും റാലിക്ക് ആവേശമേകി.

വോട്ടുകൊള്ളക്കാരെ യു.പിയിലൂടെ പുറത്താക്കും- അഖിലേഷ്

ന്യൂഡൽഹി: ഉത്തർപ്രദേശിലൂടെ കേന്ദ്രത്തിൽ അധികാരത്തിലെത്തിയവരെ അതേ യു.പി വഴി തന്നെ ജനങ്ങൾ പുറത്താക്കുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ മുന്നറിയിപ്പ്. രാജ്യത്തെ ‘വിശ്വഗുരു’ ആക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നവർ ഇപ്പോൾ വോട്ടർപട്ടികയിൽ കൃത്രിമം കാണിക്കുന്ന തിരക്കിലാണ്. യു.പിയിലെ വോട്ടർപട്ടികയിൽ കൃത്രിമം കാണിച്ച ബി.ജെ.പി 1.27 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്നും അഖിലേഷ് ആരോപിച്ചു.

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ബി.ജെ.പി ‘‘കൊള്ളയടിച്ചു’’; 2022-ൽ ഞങ്ങൾക്ക് സർക്കാർ രൂപവത്കരിക്കാൻ കഴിയാതെ പോയത് ഇത്തരം വോട്ട് മോഷണം കൊണ്ടാണ്.ഇന്ത്യ മുന്നണി ഇതിനു മുന്നിൽ പതറില്ല. മഹാറാലിയിലെ വൻ ജനപങ്കാളിത്തം വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം റാലിക്ക് വേദിയായ രാംലീല മൈതാനം‘ജനാധിപത്യത്തിന്റെ ഹൽദിഘട്ടി’യാണെന്നും ജനാധിപത്യം സംരക്ഷിക്കാനുള്ള മുന്നേറ്റം ഉത്തർപ്രദേശിൽ നിന്ന് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു. മാറ്റം ആസന്നമാണ്,ആളുകളെ സ്വാഗതം ചെയ്യാൻ അറിയുന്ന യു.പിക്കാർക്ക് അവരെ പറഞ്ഞുവിടാനും നന്നായി അറിയാം’’. അഖിലേഷ് കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിനെ തകർത്തവർ രാജ്യത്തിന്റെ അവകാശം കവരുന്നു -മെഹ്ബൂബ

ന്യൂഡല്‍ഹി: ഭരണഘടന ഉറപ്പുനൽകിയ അവകാശങ്ങൾ പിടിച്ചെടുത്ത് ജമ്മു കശ്മീരിലെ ജനങ്ങളെ തകർത്തതു പോലെ രാജ്യത്തെ ജനതയുടെ അവകാശങ്ങൾ കവരുകയാണ് കേന്ദ്ര ഭരണകൂടമെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) അധ്യക്ഷ മെഹ്ബൂബ മുഫ്തി. ഭരണഘടന പൗരജനങ്ങൾക്ക് ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍, പ്രത്യേകിച്ച് വോട്ട് ചെയ്യാനും സര്‍ക്കാരിനെ തെരഞ്ഞെടുക്കാനും അധികാരത്തില്‍നിന്ന് മാറ്റാനും കഴിയുന്ന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ജമ്മു കശ്മീരിന്റെ അനുഭവം രാജ്യം മുഴുവന്‍ വ്യാപിക്കുന്ന സാഹചര്യമുണ്ടാകാതിരിക്കാന്‍ സ്വയം സംരക്ഷിക്കാനിറങ്ങേണ്ട നേരമാണിത്- അവർ ഓർമിപ്പിച്ചു.

മുസ്‍ലിംകൾ രാജ്യത്തിനായി രക്തം നൽകിയവർ - ഫാറൂഖ് അബ്ദുല്ല

ന്യൂഡൽഹി: മുസ്‍ലിംകളെ രാജ്യത്തിന് പുറത്തുള്ളവരായി ചിത്രീകരിച്ച് രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്ന സംഘ്പരിവാറിനെതിരെ ആഞ്ഞടിച്ച് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല. മുസ്‍ലിംകളെ വിരല്‍ചൂണ്ടി പാകിസ്താനികളെന്ന് വിളിക്കുന്ന ബി.ജെ.പിയോടും ആർ.എസ്.എസിനോടും മുസ്‍ലിംകൾ ഇന്ത്യക്കുവേണ്ടി രക്തം നല്‍കിയവരാണെന്നും ഇന്നും നൽകുന്നുണ്ടെന്നും നാളെയും നൽകിക്കൊണ്ടിരിക്കുമെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. അംബേദ്കർ നൽകിയ ഇന്ത്യൻ ഭരണഘടനയിൽ എല്ലാവരും തുല്യരാണെന്നും എല്ലാവര്‍ക്കും തുല്യ വോട്ടവകാശമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - INDIA Bloc Mega Rally at Ramlila Maidan Against Voter Exclusion
Next Story