Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമരാഗ്നി പടർത്തി ഇൻഡ്യാ സഖ്യത്തിന്റെ സുപ്രീം കോടതി മാർച്ച്; രാജ്യം ഒറ്റക്കെട്ട്

text_fields
bookmark_border
സമരാഗ്നി പടർത്തി ഇൻഡ്യാ സഖ്യത്തിന്റെ സുപ്രീം കോടതി മാർച്ച്;  രാജ്യം ഒറ്റക്കെട്ട്
cancel

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോർച്ചയ്‌ക്കെതിരെയും ഇൻഡ്യാ സഖ്യം പ്രഖ്യാപിച്ച സുപ്രീം കോടതി മാർച്ചിന് പ്രൗഢഗംഭീര തുടക്കം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യാ സഖ്യത്തിന്റെ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായാണ് പ്രതിഷേധത്തിൽ അണിനിരന്നിരിക്കുന്നത്. സമരത്തെ നേരിടാൻ വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രിയങ്ക ഗാന്ധി, യോഗേന്ദ്ര യാദവ് തുടങ്ങി ഇൻഡ്യാ സഖ്യത്തിലെ പ്രമുഖ നേതാക്കളും എം.പിമാരും സുപ്രീം കോടതി മാർച്ചിൽ അണിനിരക്കുന്നുണ്ട്. ആം ആദ്മി പാർട്ടി (എ.എ.പി) നേതാക്കളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. മൂന്ന് ബസ്സുകളിലായി നേതാക്കളും എം.പിമാരും സുപ്രീം കോടതി പരിസരത്തേക്ക് പോകുമ്പോൾ, പിന്നാലെ ആയിരക്കണക്കിന് സമരക്കാരും പ്രതിഷേധവുമായി അവിടേക്ക് നീങ്ങുകയാണ്. ചീഫ് ജസ്റ്റിസിനെ നേരിൽ കണ്ട് നിവേദനം നൽകാനാണ് ഇൻഡ്യാ സഖ്യത്തിന്റെ പദ്ധതി.

പോലീസ് എവിടെ തടയുമോ അവിടെനിന്ന് പ്രതിഷേധം ആരംഭിക്കാനാണ് ഇൻഡ്യാ സഖ്യത്തിന്റെ നീക്കം. നേതാക്കൾക്കൊപ്പം വലിയ തോതിൽ പ്രവർത്തകരും സുപ്രീം കോടതി പരിസരത്തേക്ക് ഒഴുകിയെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ രാജ്യതലസ്ഥാനം ഇന്നും സംഘർഷഭരിതമാകാൻ സാധ്യതയുണ്ട്. വോട്ടർ പട്ടികയിലെ ക്രമക്കേടിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ഇൻഡ്യാ സഖ്യവും നടത്തുന്ന അഞ്ചാമത്തെ പ്രതിഷേധമാണിത്. മറ്റ് സമരങ്ങളെക്കാൾ കൂടുതൽ ജനപങ്കാളിത്തം ഇന്നത്തെ സമരത്തിനുണ്ട്.

രാജ്യത്തെ യുവജനങ്ങളും പൗരാവകാശ സംഘടനകളും പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ-ജാതി-മത ഭേദമന്യേ ഭരണഘടന സംരക്ഷിക്കാനായി തങ്ങളോടൊപ്പം തെരുവിൽ അണിനിരക്കണമെന്ന് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ ചീഫ് ജസ്റ്റിസുമായുള്ള കൂടിക്കാഴ്ചയ്‌ക്കുള്ള അനുമതി നിഷേധിക്കപ്പെട്ടത് ചരിത്രത്തിൽ ആദ്യമാണെന്ന് മല്ലികാർജുൻ ഖാർഗെ അടക്കമുള്ളവർ കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചിരുന്നു.

അതേസമയം, നിയമപ്രകാരം സുപ്രീം കോടതിയെ സമീപിച്ചാൽ ഏത് പരാതിയും പരിഗണിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, പ്രതിപക്ഷ നേതാക്കൾക്ക് സന്ദർശന അനുമതി നിഷേധിച്ചിരുന്നു. കോടതി പരിഗണിക്കുന്ന വിഷയത്തിൽ പ്രതിപക്ഷ നേതാക്കളെ പ്രത്യേകം കണ്ട് നിവേദനം വാങ്ങുന്നത് ഉചിതമാകില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം അനുമതി നിഷേധിച്ചത്.

കഴിഞ്ഞയാഴ്ച ഇൻഡ്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ നാല് മാർച്ചുകളാണ് ഡൽഹിയിൽ നടന്നത്. വെള്ളിയാഴ്ച രാഷ്ട്രപതിയെ കണ്ട് ഇൻഡ്യാ സഖ്യം നേതാക്കൾ നിവേദനം നൽകിയിരുന്നു. പാർലമെന്റിൽ ചേർന്ന പ്രതിപക്ഷ യോഗത്തിലാണ് ഇന്ന് സുപ്രീം കോടതിയെ സമീപിക്കാനുള്ള ധാരണയായത്. മമതാ ബാനർജിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നിവേദനം നൽകണം എന്ന നിർദ്ദേശം മുന്നോട്ടുവെച്ചതെന്നാണ് സൂചന. എന്നാൽ എസ്‌.ഐ.ആർ ഹർജികൾ അടക്കമുള്ള വിഷയങ്ങൾ കോടതി പരിഗണിക്കുമ്പോൾ ഈ അസാധാരണ കൂടിക്കാഴ്ചയ്ക്ക് കോടതി തയ്യാറാകുമോ എന്ന സംശയം സഖ്യത്തിലെ തന്നെ ചില നേതാക്കൾ പ്രകടിപ്പിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - INDIA bloc leaders march to Supreme Court
Next Story