‘ഇൻഡ്യ മുന്നണി ശക്തമാണ്, പക്ഷേ ചിലയിടത്ത് ഭിന്നനിലപാട് വേണ്ടിവരും’; എ.എ.പിയുമായുള്ള പോരിനിടെ പ്രതികരിച്ച് സച്ചിൻ പൈലറ്റ്
text_fieldsസച്ചിൻ പൈലറ്റ്
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും നേർക്കുനേർ മത്സരിക്കുന്ന പശ്ചാത്തലത്തിൽ, ഇൻഡ്യ മുന്നണിയിൽ ഭിന്നതയെന്ന എൻ.ഡി.എ ആരോപണത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ഇൻഡ്യ മുന്നണി ശക്തമാണെന്നും എന്നാൽ ചില സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭിന്ന നിലപാടുകൾ സ്വീകരിക്കേണ്ടി വന്നേക്കാമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
“തെരഞ്ഞെടുപ്പിൽ ജയിക്കാനാണ് എല്ലാ പാർട്ടികളും മത്സരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ വാർത്ത സമ്മേളനത്തിൽ കോൺഗ്രസിന്റെ ഗാരന്റികൾ പ്രഖ്യാപിച്ചിരുന്നു. ഡൽഹിക്കായുള്ള മാർഗരേഖ ഞങ്ങൾ അവതരിപ്പിച്ചു. എന്നാൽ തീരുമാനം എപ്പോഴും ജനങ്ങളുടേതാണ്. ബി.ജെ.പിക്കും എ.എ.പിക്കും ഡൽഹി നിരവധി അവസരങ്ങൾ നൽകി. കോൺഗ്രസ് ഭരണകാലത്ത്, ക്ഷില ദീക്ഷിദ് മന്ത്രിസഭയുടെ പ്രവർത്തനം എല്ലാവരും കണ്ടതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ വോട്ട് ചോദിക്കുന്നത്. ഇൻഡ്യ സഖ്യം ശക്തമാണെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. എന്നാൽ ചില സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് വ്യത്യസ്ത നിലപാടാണ്” -സച്ചിൻ പൈലറ്റ് വ്യക്തമാക്കി.
പ്രതിപക്ഷ സഖ്യത്തിനുള്ളിൽ കലഹം രൂക്ഷമാണെന്ന അഭ്യൂഹം തള്ളി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത് വന്നതിനു പിന്നാലെയാണ് സച്ചിൻ പൈലറ്റിന്റെ പ്രതികരമം. ബി.ജെ.പിയെ എതിർക്കുന്ന പ്രാദേശിക പാർട്ടികളെയും പിന്തുണക്കുമെന്ന് അഖിലേഷ് വ്യക്തമാക്കിയിരുന്നു. ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്ന തെരഞ്ഞെടുപ്പുകളിൽ ഇൻഡ്യ സഖ്യത്തിന് തിരിച്ചടി നേരിട്ടിരുന്നു. ഇതിനു പിന്നാലെ പല പ്രാദേശിക പാർട്ടി നേതാക്കളും അതൃപ്തി വ്യക്തമാക്കി രംഗത്തുവന്നിരുന്നു. മുന്നണിയെ നയിക്കാൻ തയാറാണെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തുവന്നിരുന്നു. കോൺഗ്രസാണ് നിലവിൽ മുന്നണിക്ക് നേതൃത്വം നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.