മോദിക്കും അമിത് ഷാക്കും വലമുറുക്കി ഇൻഡ്യ മുന്നണി; പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‍കരണ (എസ്.ഐ.ആർ) ക്രമക്കേടുകൾക്കെതിരെയും പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന ഇൻഡ്യ മുന്നണി നേതാക്കളുടെ ഉന്നതതല യോഗത്തിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ രാഷ്ട്രീയ വല മുറുകുകയാണെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. ഡൽഹിയിലും പട്നയിലും ഉൾപ്പെടെ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങളും സംഘർഷങ്ങളും അരങ്ങേറി.
പ്രതിപക്ഷം ഒറ്റക്കെട്ട്: രാഹുൽ ഗാന്ധി
രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും തെരഞ്ഞെടുപ്പ് വ്യവസ്ഥയും ഗുരുതരമായ പ്രതിസന്ധിയിലാണെന്നും, അവ തിരിച്ചുപിടിക്കാൻ പ്രതിപക്ഷ കക്ഷികൾ പൂർണ ഐക്യത്തോടെ രംഗത്തുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
സമാന്തര നീക്കങ്ങൾക്കപ്പുറം രാജ്യത്ത് യഥാർഥ ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം ഒത്തുകൂടിയിരിക്കുന്നത്.
രാജ്യത്ത് ജനാധിപത്യവും തിരഞ്ഞെടുപ്പ് സംവിധാനവും തകർക്കപ്പെടുകയും ഭരണഘടന കീറി എറിയപ്പെടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഒന്നിച്ച് പോരാടുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
മോദിയുടെ പദ്ധതി പൊളിച്ചടുക്കാൻ ജനങ്ങൾ തയ്യാർ: മല്ലികാർജുൻ ഖാർഗെ
ഭരണഘടനയും അതിലെ സുരക്ഷാ മുൻകരുതലുകളും കടുത്ത ഭീഷണി നേരിടുകയാണെന്ന് എൻ.സി.പി (എസ്.പി) എം.പി സുപ്രിയ സുലെ വ്യക്തമാക്കി. ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ രൂപം നൽകിയ ഭരണഘടന പൗരന്മാർക്ക് നൽകിയ അവകാശങ്ങൾ സംരക്ഷിക്കാൻ ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി പോരാടുമെന്നും ഡൽഹി മുതൽ താഴെത്തട്ടുവരെ ഈ സമരം വ്യാപിപ്പിക്കുമെന്നും അവർ പറഞ്ഞു.
കഴിഞ്ഞ നാല് ദിവസമായി ഇൻഡ്യ മുന്നണി നടത്തുന്ന പ്രവർത്തനങ്ങൾ വൻ വിജയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അവകാശപ്പെട്ടു. പൊതുപ്രശ്നങ്ങൾ ഏറ്റെടുത്ത് യുവാക്കളും സാധാരണക്കാരുമടക്കം വൻ ജനക്കൂട്ടമാണ് ഡൽഹിയിൽ ഒഴുകിയെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോട്ട് ചോർത്തൽ പദ്ധതിയെ തുറന്നുകാട്ടാൻ ജനങ്ങൾ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
മോദിയും ഷായും ഗ്യാനേഷ്കുമാറും ചേർന്ന് ‘വോട്ടുകൊള്ള’നടത്തുന്നു: തേജസ്വി യാദവ്
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ എന്നിവർ ചേർന്ന് ജനാധിപത്യത്തെ അട്ടിമറിക്കാനും ‘വോട്ടുകൊള്ള’ നടത്താനുമുള്ള ഗൂഢാലോചനയാണ് നടത്തുന്നതെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ ഹൈജാക്ക് ചെയ്ത സർക്കാർ, തെരഞ്ഞെടുപ്പ് കമ്മീഷനെക്കൊണ്ട് അതിലും പത്ത് പടി മുന്നോട്ട് കാര്യങ്ങൾ ചെയ്യിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിഷേധ വേദി ജന്തർ മന്തറിൽനിന്ന് രാംലീല മൈതാനത്തേക്ക് മാറ്റിയത് സർക്കാരിന്റെ ഭീതിമൂലമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാൻ എന്തുത്യാഗത്തിനും ഇൻഡ്യ മുന്നണി തയ്യാറാണെന്നും വ്യക്തമാക്കി. മഹാത്മാഗാന്ധി, രാംമനോഹർ ലോഹ്യ, ഭഗത് സിങ്, കർപ്പൂരി താക്കൂർ എന്നിവരുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ച് ഈ പോരാട്ടം തുടരുമെന്നും തേജസ്വി കൂട്ടിച്ചേർത്തു.
കോൺഗ്രസിനെതിരെ തിരിച്ചടിച്ച് ബി.ജെ.പി; പിയൂഷ് ഗോയലിന്റെ വിമർശനം
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ പദവികളെ മുൻകാലങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ ആരോപിച്ചു. മുൻ സിഇസിമാരായ എംഎസ്. ഗിൽ, ടിഎൻ ശേഷൻ എന്നിവരുടെ നിയമനങ്ങളും തൊഴിൽ മാറ്റങ്ങളും ചൂണ്ടിക്കാട്ടിയ അദ്ദേഹം, മുൻകാല കോൺഗ്രസ് സർക്കാരുകൾ ഉദ്യോഗസ്ഥരെ രാഷ്ട്രീയ സ്ഥാനങ്ങൾ നൽകി സ്വാധീനിച്ചിട്ടുണ്ടെന്ന് കുറ്റപ്പെടുത്തി. 2005ൽ നവീൻ ചൗളയുടെ നിയമനവുമായി ബന്ധപ്പെട്ട് അന്നത്തെ നേതൃത്വം നടത്തിയ ഇടപെടലുകളെയും അദ്ദേഹം ചോദ്യം ചെയ്തു.
പട്നയിൽ വിദ്യാർഥി പ്രക്ഷോഭം; ഡൽഹിയിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു
പട്നയിലെ സംഘർഷം: വോട്ടർ പട്ടിക പുനരവലോകനത്തിനെതിരെ അഖിലേന്ത്യാ വിദ്യാർഥി അസോസിയേഷന്റെ നേതൃത്വത്തിൽ പട്നയിൽ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമനുഭവപ്പെട്ടു. വിദ്യാർഥികൾ ബാരിക്കേഡുകൾ തകർക്കുകയും, പൊലീസുമായുള്ള ഉന്തും തള്ളിൽ ഇടത് എംഎൽഎ സന്ദീപ് സൗരഭ് ഉൾപ്പെടെയുള്ളവർ കുടുങ്ങുകയും ചെയ്തു. രണ്ട് ഡസനോളം വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ വ്യാജ വാർത്തകളും പ്രകോപ്നകരമായ പോസ്റ്റുകളും പ്രചരിപ്പിച്ച നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡൽഹി പൊലീസ് പൂട്ടിച്ചു. പാകിസ്ഥാൻ ഐ.എസ്.ഐയുമായി ബന്ധമുള്ള അക്കൗണ്ടുകളാണ് ഇതിനുപിന്നിലെന്ന് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

