ബിഹാറിൽ സീറ്റ് വിഭജന ചർച്ചയിലേക്ക് കടന്ന് ഇൻഡ്യ മുന്നണി
text_fieldsന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്‍കരണത്തിനെതിരെ കൂറ്റൻ റാലി സംഘടിപ്പിച്ചതിന് പിന്നാലെ, ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ചർച്ചക്ക് തുടക്കമിട്ട് ഇൻഡ്യ മുന്നണി. ആർ.ജെ.ഡി അധ്യക്ഷൻ തേജ്വസി യാദവിന്റെ നേതൃത്വത്തിലുള്ള ഏകോപന സമിതി ശനിയാഴ്ച പട്നയിൽ യോഗം ചേർന്നു. ആർ.ജെ.ഡി, കോൺഗ്രസ്, സി.പി.ഐ (എം.എൽ), സി.പി.ഐ, സി.പി.എം, വി.ഐ.പി പാർട്ടികളാണ് ബിഹാറിൽ ഒരുമിച്ച് മത്സരിക്കുന്നത്.
അടുത്ത ദിവസം മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസിന്റെ രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിയും ഇൻഡ്യ മുന്നണിയുടെ ഭാഗമായേക്കുമെന്ന് റിപ്പോർട്ടുണ്ട്.
ജൂലൈ ഒമ്പതിന് നടന്ന ദേശീയ പണിമുടക്ക് ദിനത്തിൽ ബിഹാർ വോട്ടർ പട്ടിക പരിഷ്‍കരണത്തിനെതിരെ രാഹുൽ ഗാന്ധിയടക്കം പങ്കെടുത്ത പ്രതിഷേധം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കാൻ സഹായകമായിട്ടുണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ഒക്ടോബർ - നവംബർ മാസങ്ങളിലായി വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ.
ജൂൺ 12ന് ഏകോപന സമിതി യോഗം ചേർന്നെങ്കിലും സീറ്റ് വിഭജന ചർച്ചയിലേക്ക് കടന്നിരുന്നില്ല. മത്സരിക്കാൻ ആഗ്രഹിക്കുന്ന സീറ്റുകളുടെ പട്ടിക ശനിയാഴ്ചത്തെ യോഗത്തിൽ നൽകാൻ നേരത്തെ ധാരണയായിരുന്നു. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 15,000 വോട്ടിൽ കൂടുതൽ വോട്ടുകൾക്ക് തോറ്റവരെ മത്സരിപ്പിക്കാതിരിക്കാനും അന്ന് തീരുമാനിച്ചിരുന്നു.
2020ൽ 144 സീറ്റുകളിലാണ് ആർ.ജെ.ഡി മത്സരിച്ചത്. അതിൽ 75 സീറ്റുകളിൽ വിജയിച്ചു. 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റുകളിലേ വിജയിക്കാനായുള്ളൂ. അതേസമയം, 19 സീറ്റുകളിൽ മത്സരിച്ച സി.പി.ഐ-എം.എൽ 12 എണ്ണം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

