ദാവൂദ് ഇബ്രാഹിം 'ഇന്ത്യൻ ബന്ധമുള്ളവനെന്ന്' യു.എൻ റിപ്പോർട്ട്; തെറ്റ് തിരുത്തി പാകിസ്താനെ ചൂണ്ടിക്കാട്ടി ഇന്ത്യ
text_fieldsന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായ ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിനെതിരെ ശക്തമായ എതിർപ്പുമായി ഇന്ത്യ. ഭീകരവിരുദ്ധ നടപടികളും മനുഷ്യാവകാശങ്ങളും സംബന്ധിച്ച യു.എൻ പ്രത്യേക റിപ്പോർട്ടർ ബെൻ സോളിന്റെ റിപ്പോർട്ടിൽ വസ്തുതാപരമായ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഇന്ത്യ, റിപ്പോർട്ടർമാർ നിഷ്പക്ഷതയും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിലെ ഫസ്റ്റ് സെക്രട്ടറി രഘു പുരിയാണ് ബുധനാഴ്ച പൊതുസഭയുടെ മൂന്നാം കമ്മിറ്റിയിൽ ഇന്ത്യയുടെ എതിർപ്പ് അറിയിച്ചത്. വസ്തുതാപരമായ പിഴവുകളുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടും അതിന്റെ പേരിൽ പ്രത്യേക റിപ്പോർട്ടർമാർക്ക് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരാത്ത സാഹചര്യം ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം റിപ്പോർട്ടുകൾ അംഗരാജ്യങ്ങൾക്ക് പ്രതികരിക്കാൻ മതിയായ അവസരം നൽകാതെ പൊതുചർച്ചകളിൽ ഇടംപിടിക്കുന്നത് യു.എന്നിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും രഘു ചൂണ്ടിക്കാട്ടി.
1993-ലെ മുംബൈ സ്ഫോടനം ഉൾപ്പെടെയുള്ള നിരവധി ഭീകരാക്രമണങ്ങളിൽ ഇന്ത്യ തിരയുന്ന പ്രമുഖ കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിമെന്ന് രഘു വ്യക്തമാക്കി. 2003ൽ അൽ ഖായ്ദ ബന്ധത്തിന്റെ പേരിൽ യു.എൻ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് വളരെ മുൻപ് തന്നെ ദാവൂദ് ഇന്ത്യയിൽ നിന്ന് ഒളിച്ചോടുകയും പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയും ചെയ്യുകയായിരുന്നു. ഈ വിവരങ്ങൾ ഒഴിവാക്കി റിപ്പോർട്ട് തയാറാക്കിയത് യു.എന്നിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണെന്ന് ഇന്ത്യ വിമർശിച്ചു.
ചർച്ചയിൽ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്താന്റെ പ്രതിനിധികൾക്ക് ഇന്ത്യ ശക്തമായ മറുപടി നൽകി. ജമ്മു കശ്മീരും ലാഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും, പാകിസ്താൻ മിലിട്ടറിയുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായുള്ള വെറും വ്യാജ പ്രചാരണം മാത്രമാണ് പാക് പ്രതിനിധി സഭയിൽ ഉന്നയിച്ചതെന്നും രഘു പുരി കൂട്ടിച്ചേർത്തു.

