2026നെ ആസിയാൻ-ഇന്ത്യ സമുദ്ര സഹകരണ വർഷമായി പ്രഖ്യാപിക്കുന്നു -നരേന്ദ്ര മോദി
text_fieldsമലേഷ്യയിലെ ക്വലാലംപൂരിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിൽ അഭിസംബോധന ചെയ്യുന്നു
ന്യൂഡൽഹി: ഇന്ത്യയും ദക്ഷിണ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനും തമ്മിലെ സഹകരണം ആഗോള സുസ്ഥിരതയുടെയും വളർച്ചയുടെയും അടിത്തറയായി മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലേഷ്യയിലെ ക്വലാലംപൂരിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയെ ഓൺലൈനിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ നെടുംതൂണാണ് ആസിയാൻ കൂട്ടായ്മയെന്നും മോദി പറഞ്ഞു. അനിശ്ചിതത്വം നിറഞ്ഞ ഇക്കാലത്തും ഇന്ത്യ-ആസിയാൻ സഹകരണം പുരോഗതി പ്രാപിക്കുകയാണ്. സംഘർഷവേളകളിൽ ആസിയാൻ സുഹൃത്തുക്കൾക്കൊപ്പം ഇന്ത്യ നിലയുറപ്പിച്ചിട്ടുണ്ട്.
സമുദ്ര സുരക്ഷയിലും സമുദ്രവിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥയിലും വളർച്ച കൈവരിക്കാൻ പരസ്പര സഹകരണം സഹായിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ 2026നെ ആസിയാൻ-ഇന്ത്യ സമുദ്ര സഹകരണ വർഷമായി പ്രഖ്യാപിക്കുകയാണെന്നും മോദി പറഞ്ഞു. വിദ്യാഭ്യാസം, വിനോദസഞ്ചാരം, ശാസ്ത്ര സാങ്കേതികവിദ്യ, ആരോഗ്യം, ഹരിത ഊർജം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലും പരസ്പര സഹകരണം ശക്തമാക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
ആസിയാനിൽ കിഴക്കൻ തിമോറും
ക്വാലാലംപുർ: ദക്ഷിണ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനിലേക്ക് കിഴക്കൻ തിമോറും. ഒരു സ്വപ്നമാണ് ഇതോടെ യാഥാർഥ്യമായതെന്ന് പ്രധാനമന്ത്രി സനാന ഗുസ്മാവ് പറഞ്ഞു.
ക്വാലാലംപുരിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയുടെ വേദിയിൽ മറ്റു 10 രാജ്യങ്ങൾക്കൊപ്പം കിഴക്കൻ തിമോറിെന്റ പതാകയും ഉയർത്തി. മ്യാൻമർ, തായ്ലൻഡ്, കംബോഡിയ, സിംഗപ്പൂർ, ഇന്തോനേഷ്യ, ലാവോസ്, ഫിലിപ്പീൻസ്, വിയറ്റ്നാം, മലേഷ്യ, ബ്രൂണെ എന്നിവയാണ് ആസിയാനിലെ മറ്റു രാജ്യങ്ങൾ. 14 ലക്ഷം ജനങ്ങളുള്ള കിഴക്കൻ തിമോറിെന്റ ജി.ഡി.പി 200 കോടി ഡോളറാണ്. ഇന്തോനേഷ്യക്കും ആസ്ട്രേലിയക്കും മധ്യേയുള്ള ഈ രാജ്യം ഒരു നൂറ്റാണ്ടോളം പോർചുഗീസ് കോളനിയായിരുന്നു. 1975ലാണ് സ്വാതന്ത്ര്യം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

