ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ഇന്ത്യയും വെനിസ്വേലയും; എസ്. ജയശങ്കർ ആക്ടിങ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
text_fieldsന്യൂഡൽഹി:ഇന്ത്യയും വെനിസ്വേലയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വെനിസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി കൂടിക്കാഴ്ച നടത്തി. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ന്യൂഡൽഹിയിലെത്തിയ ഡെൽസി റോഡ്രിഗസിനെയാണ് വിദേശകാര്യമന്ത്രി സന്ദർശിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ സന്ദർശനം ഉപകരിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേശകാര്യമന്ത്രി എക്സിൽ കുറിച്ചു.
സന്ദർശനത്തിന്റെ ഭാഗമായി ഡെൽസി റോഡ്രിഗസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. ഊർജ്ജ സുരക്ഷ, വ്യാപാരം, നിക്ഷേപം, ഫാർമസ്യൂട്ടിക്കൽസ്, ആരോഗ്യ സംരക്ഷണം, ഗതാഗതം, പുനരുപയോഗ ഊർജ്ജം തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇരുവരും തമ്മിൽ നടക്കും. ഇന്ത്യയുടെ പ്രധാന ഊർജ്ജ പങ്കാളികളിൽ ഒന്നാണ് വെനിസ്വേല. ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങൾ ഇതിനകം തന്നെ വെനിസ്വേലയിലെ ഊർജ്ജ മേഖലയിൽ വലിയ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ഈ സാന്നിധ്യം കൂടുതൽ ശക്തമാക്കാനുള്ള വഴികൾ ഇരുപക്ഷവും തേടും.
ഇന്ത്യയുടെ സാങ്കേതിക, വ്യാവസായിക ശേഷികൾ നേരിട്ട് മനസ്സിലാക്കുന്നതിനായി വെനിസ്വേലൻ പ്രതിനിധിസംഘം രാജ്യത്തെ വിവിധ ഊർജ്ജ, ഫാർമസ്യൂട്ടിക്കൽ, ഓട്ടോമൊബൈൽ കേന്ദ്രങ്ങൾ സന്ദർശിക്കും.
സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പുതിയ തലത്തിലെത്തിക്കുമെന്നാണ് കരുതുന്നത്. വെനിസ്വേലയിലെ രാഷ്ട്രീയ അട്ടിമറികൾക്കും യു.എസ് ഇടപെടലുകൾക്കും പിന്നാലെ കഴിഞ്ഞ ജനുവരി 5-നാണ് ഡെൽസി റോഡ്രിഗസ് വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
