‘പപ്പാ, നിങ്ങളുടെ ഓർമകളാണ് എന്നെ നയിക്കുന്നത്, താങ്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും’; രാജീവിന്‍റെ രക്തസാക്ഷിത്വ ദിനത്തിൽ രാഹുൽ
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ 34ാം രക്തസാക്ഷിത്വ ദിനത്തിൽ വൈകാരിക കുറിപ്പുമായി മകനും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. പിതാവിന്‍റെ ഓർമകളാണ് തന്നെ ഓരോ ചുവടുവെപ്പിലും നയിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ പൂർത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്നും രാഹുൽ എക്സിലെ കുറിച്ചു.
'പപ്പാ, നിങ്ങളുടെ ഓർമകളാണ് എന്നെ ഓരോ ചുവടുവെപ്പിലും നയിക്കുന്നത്. നിങ്ങളുടെ പൂർത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നതാണ് എന്റെ ദൃഢനിശ്ചയം - ഞാൻ തീർച്ചയായും അവ നിറവേറ്റും'. -രാഹുൽ എക്സിൽ കുറിച്ചു.
രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന് കോൺഗ്രസ് പാർട്ടി ഔദ്യോഗിക എക്സ് പേജിൽ കുറിച്ചു. കൂടാതെ, രാജീവിന്‍റെ ഓർമകളുടെ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. രാവിലെ സമാധിസ്ഥലമായ വീർഭൂമിയിൽ രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും, സചിൻ അടക്കം കോൺഗ്രസ് നേതാക്കളും പുഷ്പാർച്ചന നടത്തി.
ഇന്ത്യയുടെ മഹാനായ പുത്രനാണ് രാജീവ് ഗാന്ധി എന്ന് മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു. 'ഇന്ത്യയുടെ മഹാനായ പുത്രനായ രാജീവ് ഗാന്ധി, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരിൽ പ്രതീക്ഷ ഉണർത്തി. 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികൾക്കും അവസരങ്ങൾക്കും ഇന്ത്യയെ സജ്ജമാക്കുന്നതിൽ അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും ധീരവുമായ ഇടപെടലുകൾ നിർണായകമായിരുന്നു.'
'വോട്ടിങ് പ്രായം 18 ആയി കുറക്കുക, പഞ്ചായത്തീരാജ് ശക്തിപ്പെടുത്തുക, ടെലികോം, ഐ.ടി വിപ്ലവത്തിന് നേതൃത്വം നൽകുക, കമ്പ്യൂട്ടറൈസേഷൻ പരിപാടി നടപ്പിലാക്കുക, സുസ്ഥിരമായ സമാധാന ഉടമ്പടികൾ ഉറപ്പാക്കുക, സാർവത്രിക രോഗപ്രതിരോധ പരിപാടി ആരംഭിക്കുക, എല്ലാവരെയും ഉൾക്കൊള്ളുന്ന പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. മുൻ പ്രധാനമന്ത്രി, ഭാരതരത്ന, രാജീവ് ഗാന്ധിക്ക് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനത്തിൽ ഞങ്ങളുടെ ആദരാഞ്ജലികൾ.'
1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ തമിഴ്പുലികൾ ആസൂത്രണം ചെയ്ത ചാവേർ ബോംബ് സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. 1984ൽ മാതാവും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നാണ് രാജീവ് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്. 1984 ഒക്ടോബറിൽ 40ാം വയസിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

