Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനയതന്ത്രം...

നയതന്ത്രം സജീവമാകുന്നു​; യുറേനിയം കരാറിൽ ഒപ്പുവെച്ച് ഇന്ത‍്യയും കാനഡയും

text_fields
bookmark_border
നയതന്ത്രം സജീവമാകുന്നു​; യുറേനിയം കരാറിൽ ഒപ്പുവെച്ച് ഇന്ത‍്യയും കാനഡയും
cancel

ന്യൂഡൽഹി: ആണവോർജ്ജം, സൗരോർജ്ജം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി യുറേനിയം കരാറിൽ ഒപ്പുവെച്ച് ഇന്ത‍്യയും കാനഡയും. കനേഡിയന്‍ പ്രധാനമന്ത്രി മാർക് കാർണിയുടെ ഔദ്യോഗിക ഇന്ത‍്യൻ സന്ദർശനത്തിനിടെയാണ് നിർണായക ധാതുക്കൾ, യുറേനിയം തുടങ്ങിയവയുടെ വിതരണത്തിനായി കരാറിൽ ഒപ്പുവെച്ചത്.

തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മാർക് കാർണിയുടെയും സാന്നിധ്യത്തിൽ കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും മൂന്ന് ധാരണാപത്രങ്ങൾ കൈമാറി.

നിർണായക ധാതു സഹകരണം, പുനരുത്പാദന ഊർജ ഉപയോഗം പ്രോത്സാഹിപ്പിക്കൽ, സാംസ്കാരിക സഹകരണം എന്നിവ സംബന്ധിച്ചതാണ് ധാരണാപത്രങ്ങൾ. കരാറിന്‍റെ ഭാഗമായി 190 കോടി ഡോളർ വിലമതിക്കുന്ന യുറേനിയം കനേഡിയൻ കമ്പനിയായ കാമെകോ കോർപറേഷനിൽ നിന്ന് ഇറക്കുമതി ചെയ്യും.

‘സിവിൽ ആണവോർജ്ജ രംഗത്ത്, ദീർഘകാല യുറേനിയം വിതരണത്തിനായി നമ്മൾ ഒരു ചരിത്രപരമായ കരാറിൽ എത്തിയിരിക്കുന്നു. ചെറുകിട മോഡുലാർ റിയാക്ടറുകളിലും അഡ്വാൻസ്ഡ് റിയാക്ടറുകളിലും നമ്മൾ ഒന്നിച്ച് പ്രവർത്തിക്കും’ - മോദി പറഞ്ഞു. സൗരോർജ്ജത്തിന്‍റെ ആഗോള ഉപയോഗം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയും ഫ്രാൻസും ചേർന്ന് രൂപീകരിച്ച സംഘടനയായ അന്താരാഷ്ട്ര സോളാർ അലയൻസ്, ജൈവ ഇന്ധനങ്ങളുടെ ഉത്പാദനവും ഉപയോഗവും ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കൂട്ടായ്മയായ ഗ്ലോബൽ ബയോഫ്യൂവൽ അലയൻസ് എന്നിവയിൽ ചേരാനുള്ള കാനഡയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും ഇന്ത്യ-കാനഡ പുനരുത്പാദന ഊർജ്ജ-സംഭരണ ഉച്ചകോടി ഈ വർഷം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർണായക ധാതുക്കളായ കൊബാൾട്ട്, നിക്കൽ, ലിഥിയം, ചെമ്പ് എന്നിവയുടെ ഇറക്കുമതി ഇന്ത‍്യന്‍ വിതരണ ശൃംഖലയെ കൂടുതൽ ശക്തമാക്കും.

അതേസമയം പ്രതിരോധം, സുരക്ഷ, എ.ഐ, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും ബന്ധം ദൃഢമാക്കുമെന്ന് മാർക് കാർണി അറിയിച്ചു. ‘ഊർജ്ജ മേഖലയിൽ നമ്മൾ സഹകരണം വർധിപ്പിക്കുകയാണ്. 2050ഓടെ വൈദ്യുതി ഗ്രിഡ് ഇരട്ടിയാക്കാൻ കാനഡ പദ്ധതിയിടുന്നുണ്ട്. ഈ വിപുലീകരണത്തിൽ ഇന്ത്യക്ക് പ്രധാന പങ്കാളിയാകാൻ കഴിയും’- അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത‍്യയും കാനഡയും തമ്മിലുള്ള നയതന്ത്ര വിള്ളലുകൾ മാർക്ക് കാർണി ചുമതലയേറ്റതോടെ മെച്ചപ്പെട്ടു തുടങ്ങുകയായിരുന്നു. 2025 ജൂണിൽ കാനഡയിലെ കാനനാസ്കിസിൽ നടന്ന ജി7 ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും തമ്മിൽ ബന്ധം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് നരേന്ദ്ര മോദിയും കാർണിയും വിപുലമായ ചർച്ചകൾ നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiCanadauraniumIndiaMark Carney
News Summary - Diplomacy intensifies; India and Canada sign uranium deal
Next Story