ഡൽഹിയെ വിറപ്പിച്ച് ‘ഇൻഡ്യ’യുടെ സുപ്രീം കോടതി മാർച്ചിന് സമാപനം
text_fieldsഎസ്.ഐ.ആർ നിർത്തിവെക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കമെന്നും ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യം സംഘടിപ്പിച്ച സുപ്രീം കോടതി മാർച്ചിന് ശേഷം മടങ്ങുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
ന്യൂഡൽഹി: എസ്.ഐ.ആർ നിർത്തിവെക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കമെന്നും ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യം സംഘടിപ്പിച്ച സുപ്രീം കോടതിയിലേക്കുള്ള വൻ പ്രക്ഷോഭ മാർച്ച് സമാപിച്ചു. സുപ്രീം കോടതിക്ക് 200 മീറ്റർ അകലെ എത്തിയ പ്രതിഷേധ മാർച്ച് ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് തടഞ്ഞു. സംഘർഷം ഒഴിവാക്കണമെന്ന സന്ദേശം നൽകി വൈകീട്ട് 6 മണിയോടെ ഇന്നത്തെ സമരം അവസാനിപ്പിക്കുന്നതായി നേതാക്കൾ അറിയിച്ചു. തുടർന്ന് നേതാക്കൾ മടങ്ങിയതോടെ സമാധാനപരമായി സമരം അവസാനിപ്പിച്ചു.
ഇന്ന് ഉച്ച രണ്ടുമണിയോടെയാണ് തലസ്ഥാനത്തെ വിറപ്പിച്ച പ്രക്ഷോഭത്തിന് തുടക്കമായത്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നിന്ന് മണ്ടി ഹൗസ്, ബാരാഖംബ റോഡ് വഴി സുപ്രീം കോടതി ലക്ഷ്യമാക്കി നീങ്ങിയ മാർച്ചിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള എം.പിമാരും ഇൻഡ്യസഖ്യത്തിലെ മുഴുവൻ പാർട്ടി നേതാക്കളും എം.എ.എൽ.എമാരും മന്ത്രിമാരും വിദ്യാർത്ഥി-യുവജന നേതാക്കളും അണിനിരന്നു. ജനസഹസ്രങ്ങൾ പങ്കെടുത്ത മാർച്ചിനൊടുവിൽ, നേതാക്കൾ സഞ്ചരിച്ച വാഹനം മടങ്ങിയതോടെയാണ് ഇന്നത്തെ ഔദ്യോഗിക പ്രതിഷേധ പരിപാടികൾ അവസാനിച്ചത്. മുതിർന്ന നേതാക്കൾ മടങ്ങിയതിന് പിന്നാലെ ബാരാഖംബ റോഡിലെയും മണ്ടി ഹൗസിലെയും ഗതാഗതം പൊലീസ് പുനഃസ്ഥാപിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയില്ലാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇന്ത്യാ സഖ്യ നേതാക്കൾ വ്യക്തമാക്കി. വോട്ട് ചോരി അവസാനിപ്പിച്ച് സുതാര്യമായ വോട്ടെടുപ്പ് സംവിധാനം ഉറപ്പുവരുത്തുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് നേതാക്കളും പ്രവർത്തകരും പ്രഖ്യാപിച്ചു. തെരുവുകളിലെ ശക്തമായ പ്രതിഷേധത്തോടൊപ്പം വിഷയത്തിൽ സുപ്രീം കോടതിയിൽ ഹർജി നൽകി നിയമപോരാട്ടത്തിന് തുടക്കമിടാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാർട്ടികളും ജനങ്ങളും ഒറ്റക്കെട്ടായി അണിനിരന്ന ഈ പ്രതിഷേധം കേന്ദ്ര സർക്കാരിനും സുപ്രീം കോടതിക്കും കൃത്യമായ സന്ദേശമാണ് നൽകിയതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ജന്തർ മന്തർ ഉൾപ്പെടെയുള്ള സമരകേന്ദ്രങ്ങളിൽ പൊലീസ് തടസ്സങ്ങൾ സൃഷ്ടിച്ചാലും, ജനങ്ങൾ തടിച്ചുകൂടുന്നയിടങ്ങളെല്ലാം സമരകേന്ദ്രങ്ങളാക്കി മാറ്റുമെന്നും വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും സഖ്യനേതാക്കൾ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

