യു.പിയിലെ 80 സീറ്റിൽ 79ഉം ഇൻഡ്യ സഖ്യം ജയിക്കുമെന്ന് അഖിലേഷ് യാദവ്
text_fieldsലഖ്നോ: യു.പിയിലെ 80 ലോക്സഭ സീറ്റിൽ 79ലും ഇൻഡ്യ സഖ്യത്തിന്‍റെ സ്ഥാനാർഥികൾ വിജയിക്കുമെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ഒരേയൊരു സീറ്റിൽ (വാരാണസി) മാത്രമാണ് കടുത്ത മത്സരം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കാർ ആകെ പരിഭ്രാന്തരാണ്. ജനങ്ങളോട് ഇപ്പോൾ എന്താണ് പറയേണ്ടതെന്ന് അവർക്കറിയാത്ത സാഹചര്യമാണെന്നും അഖിലേഷ് പറഞ്ഞു.
യു.പിയിൽ 63 സീറ്റിലാണ് എസ്.പി മത്സരിക്കുന്നത്. 17 സീറ്റിൽ കോൺഗ്രസും മത്സരിക്കുന്നു. അഖിലേഷ് യാദവ് ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് കനൗജ് ലോക്സഭ മണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. എസ്പിയുടെ പരമ്പരാഗത മണ്ഡലമാണ് കനൗജ്. 2000, 2004, 2009 വർഷങ്ങളിൽ അഖിലേഷ് യാദവ് കനൗജിൽനിന്ന് വിജയിച്ചിട്ടുണ്ട്. 2014ൽ അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവും ഇവിടെനിന്ന് വിജയിച്ചിരുന്നു. എന്നാൽ, 2019ൽ ബി.ജെ.പിയുടെ സുബ്രത് പഥക്കിനോട് തോൽക്കുകയാണുണ്ടായത്.
മേയ് 13ന് യു.പിയിൽ നാലാംഘട്ട വോട്ടെടുപ്പ് നടക്കും. ഷാജഹാൻപൂർ, ഖേരി, ധൗരാഹ്‌റ, സീതാപൂർ, ഹർദോയ്, മിസ്രിഖ്, ഉന്നാവോ, ഫറൂഖാബാദ്, ഇറ്റാവ, കനൗജ്, കാൺപൂർ, അക്ബർപൂർ, ബഹ്‌റൈച്ച് എന്നീ 13 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. നാലാംഘട്ടത്തിൽ രാജ്യത്താകെ 10 സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

