ഇൻഡ്യ സഖ്യത്തിന്റെ ഭാവി ആശങ്കയിലെന്ന് പി. ചിദംബരം
text_fieldsന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിന്റെ ഭാവി ആശങ്കയിലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. സഖ്യം ഇപ്പോഴും തുടരുന്നുണ്ടെന്ന് ഉറപ്പില്ല. നിലനില്പില് വലിയ ഭീഷണിയാണ് നേരിടുന്നത്. ശ്രമിച്ചാൽ സഖ്യത്തെ ശക്തമാക്കാനാവുമെന്നും ചിദംബരം പറഞ്ഞു.
തന്റെ അനുഭവത്തിലും ചരിത്രവായനയിലും ഇന്നത്തെ ബി.ജെ.പിയെ പോലെ ശക്തവും സംഘടിത സ്വഭാവമുള്ളതുമായ ഒരു പാർട്ടിയുണ്ടായിട്ടില്ല. എല്ലാ മേഖലയിലും അവർ ശക്തമാണ്. രാജ്യത്ത് തെരഞ്ഞെടുപ്പ് കമീഷൻ മുതൽ കീഴ്ത്തട്ടിലുള്ള പൊലീസ് സ്റ്റേഷൻ വരെ നിയന്ത്രിക്കാനും ചിലപ്പോൾ സ്വാധീനിക്കാനും അവർക്കാകും. ഒരു ജനാധിപത്യത്തിൽ അനുവദിക്കാവുന്നത്രയും ശക്തമായ ഒരു സംവിധാനമാണത്. ഒരു യന്ത്രം പോലെ അത് പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ സമസ്ത മേഖലയിലും നിർണായക സ്വാധീനമുള്ള ഒരു സംവിധാനത്തോടാണ് ഇൻഡ്യ സഖ്യം ഏറ്റുമുട്ടുന്നത്.
ഇന്ത്യ ഇപ്പോൾ ഒരു സമ്പൂർണ ജനാധിപത്യ രാജ്യമല്ല. 2029ലെ തെരഞ്ഞെടുപ്പ് നിർണായകമാണ്. അതിലൂടെ രാജ്യത്തെ ഒരു സമ്പൂർണ ജനാധിപത്യത്തിലേക്ക് തിരികെ കൊണ്ടുവരണം. ഇന്ത്യയിലെ ജനാധിപത്യത്തിന് തുരങ്കം വെക്കാൻ ആർക്കുമാവില്ല എന്ന് തെളിയിക്കുന്നതായിരുന്നു 2024ലെ തെരഞ്ഞെടുപ്പ്. ഇന്ത്യയിൽ ജനാധിപത്യ പ്രക്രിയയിൽ കൃത്രിമത്വം കാണിച്ചാൽ പോലും 98 ശതമാനം വോട്ട് തങ്ങൾക്കനുകൂലമായി മാറ്റാനാവില്ലെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ പി. ചിദംബരം പറഞ്ഞു.
സൽമാൻ ഖുർഷിദിന്റെയും മൃത്യുഞ്ജയ് സിങ് യാദവിന്റെയും ‘കണ്ടസ്റ്റിങ് ഡെമോക്രാറ്റിക് ഡെഫിസിറ്റ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചിദംബരം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ പുനരുജ്ജീവന ശ്രമങ്ങളെയും ഇൻഡ്യ സഖ്യ രൂപവത്കരണവും ചർച്ചചെയ്യുന്നതാണ് പുസ്തകം.
ചിദംബരത്തിന്റെ പ്രസ്താവന ആഘോഷിച്ച് ബി.ജെ.പി
ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിന്റെ ഭാവി ആശങ്കയിലെന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ പ്രസ്താവനയെ ആഘോഷിച്ച് ബി.ജെ.പി കേന്ദ്രങ്ങൾ. കോണ്‍ഗ്രസിന് ഭാവിയില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാര്‍ക്കുപോലും ബോധ്യപ്പെട്ടെന്ന് ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എക്സിൽ കുറിച്ചു. ഭാവിയിൽ പ്രതിപക്ഷം നിലനിൽക്കില്ല. ബി.ജെ.പി ഒരു ശക്തമായ സംഘടനയാണെന്നാണ് ചിദംബരത്തിന്റ നിരീക്ഷണമെന്നും ഭണ്ഡാരി പറഞ്ഞു. ചിദംബരത്തിന്റെ വിഡിയോ നിമിഷങ്ങള്‍ക്കകം തന്നെ നിരവധി ബി.ജെ.പി നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

