‘ഇൻഡ്യ’ പോരാട്ടം പലവിധം
text_fieldsന്യൂഡൽഹി: ഇൻഡ്യ മുന്നണിയുടെ പിറവിക്കാലത്ത് ഉണ്ടായിരുന്ന വീറും വാശിയും തെരഞ്ഞെടുപ്പ് ഐക്യവും സീറ്റു ധാരണയായി വളർത്തിയെടുക്കാൻ ഉദ്ദേശിച്ചപോലെ കഴിഞ്ഞില്ലെന്ന യാഥാർഥ്യത്തിന്റെ അകമ്പടിയോടെയാണ് പ്രതിപക്ഷ പാർട്ടികൾ ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് നടക്കുന്നത്.
ഇൻഡ്യ രൂപപ്പെടുത്തുന്നതിന് ആദ്യം മുന്നിട്ടിറങ്ങിയ ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ-യു നേതാവുമായ നിതീഷ് കുമാർ പ്രതിപക്ഷ ചേരിവിട്ട് വീണ്ടും ബി.ജെ.പി പാളയത്തിൽ ചേക്കേറി. പ്രതിപക്ഷ ഐക്യത്തിനുവേണ്ടി ഉച്ചത്തിൽ വാദിച്ചതല്ലാതെ കോൺഗ്രസുമായോ സി.പി.എമ്മുമായോ സീറ്റു പങ്കിടാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി തയാറായില്ല.
അതേസമയം, മുൻകാല വൈരാഗ്യങ്ങൾ മാറ്റിവെച്ച് ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും സീറ്റു പങ്കിട്ടു. സമാജ്വാദി പാർട്ടിയും കോൺഗ്രസും യു.പിയിൽ സഖ്യത്തിലായി. എന്നാൽ, ആർ.എൽ.ഡി കൈവിട്ടുപോയി. സ്വന്തം എം.എൽ.എമാരെ ബി.ജെ.പി വശീകരിക്കുന്നത് ഹിമാചൽ പ്രദേശിൽ കോൺഗ്രസും യു.പിയിൽ സമാജ്വാദി പാർട്ടിയും കണ്ടു. ഇ.ഡിപ്പേടിയിൽ വിവിധ പ്രതിപക്ഷ പാർട്ടികളെ തളക്കാൻ നടക്കുന്ന നീക്കങ്ങളും ഇൻഡ്യ സഖ്യത്തിന്റെ ഒത്തൊരുമക്ക് മുന്നിൽ തടസ്സങ്ങൾ തീർത്തു.
പ്രധാനമായും മമത ബാനർജിയുടെ നിലപാടാണ് ഇൻഡ്യയെ സാരമായി ബാധിച്ചത്. സ്വന്തംനിലയിൽ സീറ്റെണ്ണം വർധിപ്പിക്കുകയും തെരഞ്ഞെടുപ്പിനു ശേഷമുള്ള സാഹചര്യങ്ങൾ ഒത്തുവന്നാൽ വിലപേശുകയുമെന്ന തന്ത്രത്തിലാണ് മമത. കോൺഗ്രസിന്റെ നേതൃത്വം അംഗീകരിക്കാനും തയാറല്ല. അതേസമയം, മഹാരാഷ്ട്ര, ബിഹാർ, ഡൽഹി, തമിഴ്നാട്, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സീറ്റ് പങ്കിട്ട് മുന്നോട്ടു പോകാൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിഞ്ഞു.
ഭാരത് ജോഡോ യാത്രയിൽനിന്ന് വ്യത്യസ്തമായി രാഹുൽ ഗാന്ധിയുടെ രണ്ടാം യാത്രയിൽ പ്രതിപക്ഷ പ്രാതിനിധ്യം കുറഞ്ഞതും ഐക്യത്തിന്റെ നിലവിലെ സ്ഥിതിയുടെ സൂചകമായി. നിലവിലെ സാഹചര്യങ്ങളിൽ, പ്രാദേശിക സാഹചര്യങ്ങൾക്ക് അനുസൃതമായി ബി.ജെ.പിയും അതാതു പ്രതിപക്ഷ പ്രാദേശിക പാർട്ടികളുമായി ശക്തമായ മത്സരം നടക്കും. തെരഞ്ഞെടുപ്പിനു ശേഷമുള്ള സാഹചര്യങ്ങളിൽ ഒന്നിക്കാമെന്നാണ് പൊതുലൈൻ. ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ കോൺഗ്രസിന്റെ പ്രധാന പ്രതീക്ഷ തെക്കൻ സംസ്ഥാനങ്ങളിൽ. ഹിന്ദി ഹൃദയഭൂമി മേഖലകളിൽ ബി.ജെ.പി ഉയർത്തി വിടുന്ന ഹിന്ദുത്വ ആവേശത്തെ പ്രതിരോധിക്കുന്നതിന് പറ്റിയ പ്രമേയം കണ്ടെടുക്കാത്ത നിരാശ മറുപുറത്ത്.
വിശ്വസനീയ ബദലായി ഇൻഡ്യ സഖ്യത്തെ കാണാൻ കഴിയുന്ന വിധം വ്യക്തമായ സഖ്യമോ പൊതു കർമപദ്ധതിയോ ആവിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ല. പൊതുമിനിമം പരിപാടി മുന്നോട്ടു വെക്കാനും സാധിച്ചിട്ടില്ല. പ്രധാന നേതാക്കളെ തെരഞ്ഞെടുപ്പു അടുത്ത കാലത്ത് ഒരു വേദിയിൽ അണിനിരത്താനും സാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

