യു.എൻ പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്നും ഇന്ത്യ വിട്ടുനിന്നു
text_fieldsനരേന്ദ്ര മോദി
ന്യൂഡൽഹി: ഗസ്സയിൽ ഇസ്രായേൽ വൻ ആക്രമണം നടത്തുന്നതിനിടെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്നിൽ കൊണ്ടുവന്ന പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്ന് ഇന്ത്യ. 45 അംഗങ്ങളാണ് വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നത്. എന്നാൽ, യു.എൻ ജനറൽ അസംബ്ലിയിൽ 120 വോട്ടുകൾക്ക് പ്രമേയം പാസായി. യു.എസും ഇസ്രായേലും ഉൾപ്പെടെ 14 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു.
ഇന്ത്യയെ കൂടാതെ യു.കെ, ജർമ്മനി,യുക്രെയ്ൻ, ആസ്ട്രേലിയ, ഇറ്റലി, ജപ്പാൻ, നെതർലാൻഡ്, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നത്. അതേസമയം, യു.എസിന്റേയും കാനഡയുടെയും സമ്മർദത്തിന് വഴങ്ങി ഹമാസിനെ പേര് പറഞ്ഞ് അപലപിക്കാനും ബന്ദികളെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന മറ്റൊരു പ്രമേയം കൂടി അവതരിപ്പിച്ചിരുന്നു. ഇതിനെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്യുകയും ചെയ്തു.
ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം എത്രയും പെട്ടെന്ന് നിർത്തി ഉടനടി മാനുഷികമായ താൽപര്യങ്ങൾ മുൻനിർത്തി സന്ധിയുണ്ടാക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ഫലസ്തീൻ പൗരൻമാർക്ക് എത്രയും പെട്ടെന്ന് സുരക്ഷയൊരുക്കണമെന്ന് പ്രമേയത്തിൽ പറയുന്നുണ്ട്. ഗസ്സക്ക് മാനുഷിക സഹായം നൽകണമെന്നും മനുഷ്യാവകാശ പ്രവർത്തകർക്ക് പ്രദേശത്തേക്ക് എത്താനുള്ള സൗകര്യമൊരുക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. വടക്കൻ ഗസ്സയിൽ നിന്നും തെക്ക് ഭാഗത്ത് ആളുകളോട് മാറാൻ ആവശ്യപ്പെട്ടുള്ള ഇസ്രായേലിന്റെ നിർദേശം പിൻവലിക്കണം. നിർബന്ധപൂർവം ഫലസ്തീനികളെ വടക്കൻ ഗസ്സയിൽ നിന്നും മാറ്റരുതെന്നും പ്രമേയം പറയുന്നു.
തുടർച്ചയായ രണ്ടാം ദിവസവും ഇസ്രായേൽ ഗസ്സയിൽ പരിമിത കരയാക്രമണം നടത്തിയിരുന്നു. യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ എന്നിവയുടെ അകമ്പടിയിലായിരുന്നു ഗസ്സയിലെ ശുജാഇയ്യയിൽ ആക്രമണം നടത്തിയത്. മണിക്കൂറുകൾ കഴിഞ്ഞ് ഇസ്രായേൽ കവചിത വാഹനങ്ങൾ പിൻവാങ്ങി. കഴിഞ്ഞ ദിവസം വടക്കൻ ഗസ്സയിലായിരുന്നു സമാനമായി ഇസ്രായേൽ കരയാക്രമണം നടത്തിയത്. മൂന്നാഴ്ചയായി തുടരുന്ന വ്യോമാക്രമണങ്ങളിൽ 7,326 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

