സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം
text_fieldsന്യൂഡൽഹി: 77ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. ചൊവ്വാഴ്ച രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കും. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ സദസ്സാകും ഈ വർഷം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ വീക്ഷിക്കാൻ ചെങ്കോട്ടയിൽ എത്തുക. 2021 മാർച്ചിൽ ആരംഭിച്ച ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ സമാപനം ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിലാണ്. വിവിധ മേഖലകളിൽനിന്നുള്ള 1,800 പേരെ പ്രത്യേക അതിഥികളായി ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ മണിപ്പൂരിലെ കുക്കി, മെയ്തേയ് വിഭാഗത്തിലെ അംഗങ്ങളുടെ പ്രതിഷേധമുണ്ടായേക്കാമെന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നു ഡൽഹിയിൽ വലിയ സുരക്ഷയാണ് ഒരുക്കിയത്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ പ്രതിഷേധ മുദ്രാവാക്യം മുഴക്കാനും പ്ലക്കാർഡ് ഉയർത്താനും സാധ്യതയുണ്ടെന്നാണു രഹസ്യാന്വേഷണ റിപ്പോർട്ട്.

