‘ഞങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്!’ ഇന്ത്യ -പാക് ഏഷ്യ കപ്പ് ഫൈനൽ സംപ്രേഷണത്തിൽ പി.വി.ആറിന് ഭീഷണിയുമായി ശിവസേന
text_fieldsന്യൂഡൽഹി: ഇന്ത്യ-പാക് ഏഷ്യ കപ്പ് ഫൈനൽ തത്സമയം സംപ്രേഷണം ചെയ്യാനുള്ള തീരുമാനത്തിൽ പി.വി.ആറിന് മുന്നറിയിപ്പുമായി ശിവസേന (യു.ബി.ടി). തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് നേതാക്കൾ സമൂഹമാധ്യമത്തിൽ കുറിച്ചു. മത്സരം തിയറ്ററുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള പി.വി.ആറിൻറെ തീരുമാനം രക്തസാക്ഷികളെ അപമാനിക്കലാണെന്നും നേതാക്കൾ എക്സിൽ കുറിച്ചു.
പി.വി.ആറിലെ ‘പി’ പാകിസ്‍താൻ ആണോ എന്ന് ശിവസേന(യു.ബി.ടി) നേതാവ് സഞ്ജയ് റാവുത്ത് ചോദിച്ചു. മത്സരം തത്സമയം പ്രദർശിപ്പിക്കാനുള്ള തിയറ്റർ ശൃംഘലയുടെ തീരുമാനം പ്രതിഷേധാർഹമാണ്. പാകിസ്താൻ ഉൾപ്പെടുന്ന മത്സരം പ്രക്ഷേപണം ചെയ്യുന്നത് രക്തസാക്ഷികളുടെ കുടുംബങ്ങളോട് കാണിക്കുന്ന നിന്ദയാണെന്നും സഞ്ജയ് എക്സിൽ കുറിപ്പിൽ പറഞ്ഞു. പാക് അനുകൂല സമീപനം സ്വീകരിച്ചതിനാണ് സോനം വാങ്ചുകിന്റെ അറസ്റ്റെന്ന് ആരോപിച്ച സഞ്ജയ് തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും കുറിപ്പിൽ പി.വി.ആറിന് മുന്നറിയിപ്പ് നൽകി.
പി.വി.ആറിന്റെ തീരുമാനം അറപ്പുളവാക്കുന്നതാണെന്ന് ശിവസേന(യു.ബി.ടി) നേതാവ് ആദിത്യ താക്കറെ എക്സിൽ കുറിച്ചു. പഹൽഗാം ആക്രമണത്തിന്റെ മുറിവ് അവശേഷിക്കുന്നുവെന്ന് പി.വി.ആറിനെ ഓർമിപ്പിക്കുകയാണ്. ആക്രമണത്തിന്റെ ഇരകളെയും ഓപറേഷൻ സിന്ദൂറിൽ രാജ്യത്തിന് വേണ്ടി ജീവത്യാഗത്തിന് വരെ തയ്യാറായ സായുധ സേനാംഗങ്ങളെയും അപമാനിക്കുന്നതാണ് തീരുമാനമെന്നും ആദിത്യ താക്കറെ കുറിപ്പിൽ പറഞ്ഞു. ഇന്ത്യ-പാക് ഫൈനൽ മത്സരം തത്സമയ സംപ്രേഷണം ചെയ്യുമെന്ന് അറിയിക്കുന്ന പി.വി.ആർ സിനിമാസിന്റെ സമൂഹമാധ്യമ പോസ്റ്റ് പങ്കിട്ടുകൊണ്ടായിരുന്നു ആദിത്യയുടെ കുറിപ്പ്.
അതേസമയം, ശിവസേന നിലപാടിനെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നുയരുന്നത്. മത്സരം തിയറ്റർ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത് ഒരുവിഭാഗം സ്വാഗതം ചെയ്തപ്പോൾ മറ്റൊരുവിഭാഗം ശിവസേനയുടെ നിലപാട് ശരിവെച്ച് രംഗത്തെത്തി. എന്നാൽ, വിവാദത്തിൽ ഇതുവരെ പി.വി.ആർ സിനിമാസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

