കടമെടുപ്പ് പരിധി വർധന: കേരളത്തിന്റെ ഹരജി ഭരണഘടന ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കേരളത്തിന്റെ കടമെടുപ്പ് പരിധി വർധന ആവശ്യത്തിൽ കേന്ദ്രത്തിനെതിരായ ഹരജി അഞ്ചംഗ ഭരണഘടന ബെഞ്ച് പരിഗണിക്കുമെന്ന് സംസ്ഥാനത്തിന് സുപ്രീംകോടതിയുടെ ഉറപ്പ്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവർ കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ വാദങ്ങൾ കേട്ടു. തുടർന്നാണ് ഇക്കാര്യത്തിൽ ഉറപ്പുനൽകിയത്. വിഷയം അതീവ പ്രാധാന്യമുള്ളതാണെന്നും വേനലവധിക്കുശേഷം ലിസ്റ്റു ചെയ്യണമെന്നുമായിരുന്നു സിബലിന്റെ വാദം.
നേരത്തേ, 10,000 കോടി രൂപകൂടി കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. എന്നാൽ, ഏപ്രിൽ ഒന്നിന് ഈ ആവശ്യം തള്ളിയപ്പോൾതന്നെ, സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിൽ കേന്ദ്ര ഇടപെടൽ ചോദ്യംചെയ്ത് സംസ്ഥാനം നൽകിയ ഹരജി സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടുകയും ചെയ്തു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.
കോടതി ഇടപെടൽമൂലം കേന്ദ്രത്തിൽനിന്ന് ഈ സാമ്പത്തികവർഷം സംസ്ഥാനത്തിന് കാര്യമായ ഇളവു ലഭിച്ചതായും അന്ന് ബെഞ്ച് വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ധനകാര്യ നടപടികളിലെ കെടുകാര്യസ്ഥതയെത്തുടർന്നുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്ന നിലപാടാണ് അന്ന് കോടതി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.