ട്രെയിനിൽ നിന്ന് വീണതോ കൊലപാതകമോ? അസം വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത; ആന്ധ്ര മുഖ്യമന്ത്രിക്ക് കത്തയച്ച് ആസം മുഖ്യമന്ത്രി
text_fieldsവിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ട്രെയിൻ പാളത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ അസം സ്വദേശിനിയായ കോളജ് വിദ്യാർഥിനി ഹിമാശ്രീ ബോറോ (20) കൊല്ലപ്പെട്ടതാണോ എന്ന സംശയമുയർത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന് കത്തയച്ചു.
പ്രാഥമിക അന്വേഷണത്തിൽ, ട്രെയിനിന്റെ വാതിലിനരികിൽ നിൽക്കുന്നതിനിടെ ഹിമാശ്രീ അബദ്ധത്തിൽ പുറത്തേക്ക് വീണതാകാമെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ ലൈംഗികാതിക്രമം, ശല്യം ചെയ്യൽ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ നടന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച ശ്രീകാകുളം സർക്കാർ ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കൈമാറി.
ഒക്ടോബർ ഏഴിന് പുലർച്ചെയാണ് ശ്രീകാകുളം ജില്ലയിലെ ദൂസി, പൊണ്ടുരു റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പാളത്തിന് സമീപം ഹിമാശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. വിശാഖപട്ടണത്ത് നൃത്തമത്സരത്തിൽ പങ്കെടുത്തശേഷം അസമിലേക്ക് മടങ്ങുകയായിരുന്നു യുവതി. സംഭവത്തിൽ കൊലപാതകസാധ്യതയുണ്ടെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ (ആർപിഎഫ്) ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും അവർ ആരോപിച്ചു. വിശദമായ അന്വേഷണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം.
ഹിമാശ്രീ യാത്ര ചെയ്തിരുന്ന കന്യാകുമാരി–ദിബ്രുഗഢ് വിവേക് എക്സ്പ്രസിലെ എസ്-2 കോച്ചിൽ യാത്ര ചെയ്തവരെ പൊലീസ് ചോദ്യം ചെയ്തതായി വിശാഖപട്ടണം സർക്കാർ റെയിൽവേ പൊലീസ് (ജിആർപി) ഇൻസ്പെക്ടർ ഡി. ധീനബന്ധു പറഞ്ഞു. പുലർച്ചെ 2.30നും 2.40നും ഇടയിൽ നിലവിളിയും ബഹളവും കേട്ട് ഉറക്കമുണർന്നതായും പിന്നീട് കോച്ചിന്റെ വാതിലിനരികിൽ നിന്നിരുന്ന ഒരു യുവതി ട്രെയിനിൽനിന്ന് വീണതായി അറിഞ്ഞതായും ചില യാത്രക്കാർ മൊഴി നൽകിയിട്ടുണ്ട്.
കോച്ചിൽ അസ്വസ്ഥത അനുഭവപ്പെടുന്നതായി ഹിമാശ്രീ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. കോച്ചിന്റെ ഉൾഭാഗം ചിത്രീകരിച്ച വിഡിയോയും സുഹൃത്തിന് അയച്ചിരുന്നു. എന്നാൽ, അധികം വൈകാതെ ഫോൺ സ്വിച്ച് ഓഫ് ആയി. യുവതി ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതിനോ, മദ്യപിച്ചിരുന്നവരോ അക്രമാസക്തരായ പുരുഷന്മാരോ ട്രെയിനിൽനിന്ന് തള്ളിയിട്ടതിനോ മർദനമേറ്റതിനോ ഇതുവരെ തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്ന് ധീനബന്ധു പറഞ്ഞു.
ഹിമാശ്രീയുടെ സുഹൃത്ത് ആർപിഎഫിനെ വിളിച്ച് യുവതിയുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ എസ്-2 കോച്ചിൽ പരിശോധന നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഉദ്യോഗസ്ഥർ കോച്ചിലെത്തുമ്പോഴേക്കും ഹിമാശ്രീ ട്രെയിനിൽനിന്ന് വീണിരിക്കാമെന്നാണ് പൊലീസിന്റെ വിശദീകരണം.
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് വീണപ്പോൾ കഠിനമായ ഏതെങ്കിലും വസ്തുവിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റതാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. റെയിൽവേ പാളം ഭൂനിരപ്പിൽനിന്ന് ഏകദേശം പത്തടി ഉയരത്തിലായിരുന്നുവെന്നും വീണശേഷം ശരീരം ഉരുണ്ടതിനെത്തുടർന്ന് വിവിധ ഭാഗങ്ങളിൽ മുറിവുകളുണ്ടായിരിക്കാമെന്നും പൊലീസ് പറഞ്ഞു.
അതേസമയം, മരണം അപകടമാണെന്ന് അന്തിമ നിഗമനത്തിലെത്തുന്നതിന് മുമ്പ് കേസിലെ ചില കാര്യങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മൃതശരീരം അസമിലെത്തിക്കുന്നതിനായി ആന്ധ്രാപ്രദേശ് സർക്കാർ ആംബുലൻസ് ഏർപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ അസം സർക്കാരും നടത്തിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

