ബംഗളൂരുവിൽ യുവതിയും കൈക്കുഞ്ഞും ഷോക്കേറ്റ് മരിച്ച സംഭവം; അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
text_fieldsബംഗളൂരു: ബംഗളൂരുവിൽ ഷോക്കേറ്റ് അമ്മയും മകളും മരിച്ച സംഭവത്തിൽ, ജോലിയിൽ അശ്രദ്ധകാട്ടിയതിന് ബംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെയാണ് 23കാരിയായ സൗന്ദര്യയും ഒമ്പത് മാസം പ്രായമുള്ള മകൾ ലീലയും ഹോപ്പ് ഫാം സിഗ്നലിലെ ഫുട്പാത്തിൽ വെച്ച് 11 കെ.വി ലൈനിൽ തട്ടി ഷോക്കേറ്റ് മരിച്ചത്.
അപകടത്തെ തുടർന്ന് കർണാടക ഊർജ മന്ത്രി കെ.ജെ. ജോർജ് സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. വൈദ്യുതി വിതരണ വകുപ്പിലെ അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയർ സുബ്രഹ്മണ്യ ടി, അസി. എഞ്ചിനീയർ ചേതൻ എസ്, ജൂനിയർ എഞ്ചിനീയർ രാജണ്ണ, ജൂനിയർ പവർമാൻ മഞ്ജുനാഥ് രേവണ്ണ, ലൈൻമാൻ ബസവരാജു എന്നിവരെയാണ് ബെസ്‌കോം ഞായറാഴ്ച സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും.
ഈസ്റ്റ് സർക്കിൾ സൂപ്രണ്ടിങ് എഞ്ചിനീയർ ലോകേഷ് ബാബു, വൈറ്റ്ഫീൽഡ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീരാമു എന്നിവർക്ക് മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്ന് സിറ്റി വൈദ്യുതി ബോർഡ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.