ചെറിയ മകൾക്കൊപ്പം പച്ചക്കറി വാങ്ങാൻ ബൈക്കിൽ പോയ യുവാവിനെ പൊലീസ് മുഖത്തടിച്ചു. ഹെൽെമറ്റ് ധരിച്ചിട്ടില്ല എന്ന കുറ്റത്തിനാണ് െപാലീസ് ഉദ്യോഗസ്ഥൻ യുവാവിന്‍റെ മുഖത്തടിച്ചത്. ഇതേ തുടർന്ന് യുവാവ് പൊലീസുകാരുമായി തർക്കിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.
ഹെൽമെറ്റ് എന്‍റെ മകളുടെ മുന്നിൽവെച്ച് എന്‍റെ മുഖത്തടിച്ചത് എന്തിനാണെന്നും നിങ്ങൾക്ക് ഫൈൻ തന്നാൽ പോരായിരുന്നോ എന്നും യുവാവ് ചോദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഹൈദരാബാദിലെ മഹ്ബൂബാബാദ് ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. ഇരുവരും തമ്മിലുള്ള തർക്കത്തിന്‍റെ വീഡിയോകൾ ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. സ്ഥലത്തെത്തിയ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോടും യുവാവ് കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. എട്ട് വയസുള്ള തന്‍റെ മകളുടെ മുന്നിൽവെച്ച് അടിക്കാൻ പൊലീസിന് എന്ത് അധികാരം എന്നാണ് യുവാവ് ചോദിക്കുന്നത്.
ഹെൽമെറ്റ് ധരിക്കാത്തതിന് ഫൈൻ ഈടാക്കുകയാണ് വേണ്ടത്. അല്ലാതെ ഉപദ്രവിക്കാൻ അധികാരമില്ല. യുവാവ് പൊലീസിനോട് പറയുന്നു. ശ്രീനിവാസ് എന്ന യുവാവും മകളുമാണ് തെലങ്കാന പൊലീസിന്‍റെ അതിക്രമത്തിന് ഇരയായത്. ഇവരെ സഹായിക്കാൻ എത്തിയ ആൾക്കൂട്ടത്തെ പൊലീസ് വിരട്ടി ഓടിക്കുന്നതും വീഡിയോയിൽ കാണാം. ഭയന്ന് കരഞ്ഞ മകളെ ശ്രീനിവാസ് ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കരയണ്ട, നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ല. പിന്നെ എന്തിന് ഭയക്കണമെന്നും ശ്രീനിവാസ് മകളോട് ചോദിക്കുന്നു. ട്വീറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലരും പൊലീസിന്‍റെ പ്രവൃത്തിയെ ചോദ്യം ചെയ്തും രംഗത്തെത്തി.