Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവട്ടവടയിലെ സലൂണുകളിൽ...

വട്ടവടയിലെ സലൂണുകളിൽ ദലിത​ർക്ക്​ വിലക്ക്​; ചക്ലിയരുടെ മുടിവെട്ടില്ല

text_fields
bookmark_border
വട്ടവടയിലെ സലൂണുകളിൽ ദലിത​ർക്ക്​ വിലക്ക്​; ചക്ലിയരുടെ മുടിവെട്ടില്ല
cancel

ഇടുക്കി: വട്ടവടയിലെ രാമന്​ ബിരുദാനന്തര ബിരുദവും സ്വകാര്യ കമ്പനിയിൽ ജോലിയുമുണ്ട്​. എന്നാൽ സ്വന്തം പഞ്ചായത്തിനുള്ളിൽ നിന്ന്​ മുടിവെട്ടാൻ അദ്ദേഹത്തിന്​ കഴിയില്ല. ചക്ലിയ വിഭാഗത്തിലുള്ള രാമൻ മുടിവെട്ടണമെങ്കിൽ കിലോമീറ്ററുകളോളം യാത്ര ചെയ്യണം. അത്​​ വട്ടവടയിൽ സലൂണുകൾ ഇല്ലാത്തതുകൊണ്ടല്ല, അവിടെയുള്ള ബാർബറുമാർ ദലിതരുടെ മുടിവെട്ടില്ല എന്നതു​െകാണ്ടാണ്​.

ഇടുക്കിയിൽ തമിഴ്​നാട്​ അതിർത്തിയോട്​ ചേർന്നു കിടക്കുന്ന വട്ടവട പഞ്ചായത്ത്​ പേരെടുത്തത്​ പച്ചക്കറി കൃഷിയിലാണ്​. പച്ചക്കറിയും പൂക്കളും പത്രമേനിയിൽ വിളയുന്ന വട്ടവടയിൽ തമിഴ്​ -ദലിത്​കുടിയേറ്റ തൊഴിലാളിക​െക്കതിരായ വിവേചനമാണ്​ 'ദ ന്യൂ ഇന്ത്യൻ എക്​സ്​പ്രസ്​' റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​.

വട്ടവടയിലെ ബാർബർ ഷോപ്പ​ുകളിൽ ദലിത​രുടെ മുടിവെട്ടാൻ അനുവദിക്കില്ല. വട്ടവട ഗ്രാമത്തിൽ ഉയർന്ന ജാതിക്കാർ എത്തുന്ന ബാർബർ ഷോപ്പുകളിൽ ദളിത​ർക്ക്​ സേവനം നൽകരുതെന്നാണ്​ അലിഖിതമായ നിയമം. വട്ടവടയിൽ ചക്ലിയ സമുദായത്തിലുള്ള 270 കുടുംബങ്ങളുണ്ട്. ബാക്കിയുള്ളവർ മന്നാഡിയാർ, മറവർ, തേവർ, ചെട്ടിയാർ സമുദായങ്ങളിൽപ്പെട്ടവരാണ്.

ദലിതരുടെ മുടിവെട്ടുന്നതിനും ക്ഷൗരം ചെയ്യുന്നതിനും ഗ്രാമത്തിലെ ബാർബർമാരെ ഉന്നത ജാതിക്കാർ വിലക്കിയിട്ടുണ്ടെന്നാണ്​ പ്രദേശവാസികൾ പറയുന്നത്​. തമിഴ് കുടിയേറ്റക്കാർ ആധിപത്യം പുലർത്തുന്ന വട്ടവടയിൽ ഈ രീതി സാധാരണമാണ്. തമിഴ്‌നാട്ടിലെ ജാതി സ​മ്പ്രദായവും ആചാരവും ഇവിടടെയുള്ളവർ പിന്തുടരുന്നു. ദലിതർ പോലും അതിനെതിരെ ശബ്ദമുയർത്തുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.

ജാതി വിവേചനത്തെക്കുറിച്ച് ഗ്രാമത്തിലെ ദലിത് യുവാക്കൾ പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടിരുന്നു. ദലിതർക്ക്​ സേവനം നൽകാത്ത കടകൾ അടപ്പിക്കുമെന്ന്​ പഞ്ചായത്ത്​ തീരുമാനിച്ചു. എന്നാൽ ദളിതരുടെ മുടി മുറിക്കുന്നതിനേക്കാൾ കടകൾ അടക്കുന്നതിനാണ്​ താൽപര്യമെന്നാണ്​ ബാർബർമാർ അറിയിച്ചത്​. തുടർന്ന്​ അഞ്ചു മാസം മുമ്പ്​ ​വട്ടവടയി​െല രണ്ട് ബാർബർ ഷോപ്പുകൾ പഞ്ചായത്ത് അധികൃതർ അടപ്പിച്ചു. ഗ്രാമത്തിലെ ദലിത് പുരുഷന്മാർ കിലോമീറ്ററുകളോളം യാത്ര ചെയ്​ത്​ മൂന്നാറിലോ എല്ലപ്പെട്ടിയിലോ അടുത്ത ഗ്രാമങ്ങളിലോ ഉള്ള സലൂണുകളിൽ പോയാണ്​ മുടി വെട്ടുന്നത്​.

ദലിതർക്ക്​ ചിരട്ടയിൽ ഭക്ഷണം നൽകുക, ചായക്കടകളിൽ ദലിതർക്കായി പ്രത്യേകം ​പാത്രങ്ങളും ക്ലാസുകളും സൂക്ഷിക്കുക തുടങ്ങിയ രീതികൾ വട്ടവടയിൽ നിലവിലുണ്ടായിരുന്നു. പ്രാദേശിക രാഷ്ട്രീയക്കാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും സംയുക്ത ശ്രമങ്ങൾക്കൊടുവിലാണ്​ ഇത്തരം രീതികൾ ഇല്ലാതായത്​.

"താഴ്ന്ന ജാതിക്കാരായ ആളുകൾ പ്രത്യേക സലൂണുകളിൽ മുടി മുറിക്കുന്ന രീതി ഒരു നൂറ്റാണ്ടിലേറെയായി വട്ടവടയിൽ ഉണ്ട്. അടുത്തിടെ ചില ദലിത്​ യുവാക്കളുടെ അഭ്യർത്ഥന പ്രകാരം ഞങ്ങൾ സമുദായ പ്രതിനിധികളുമായി യോഗം ചേർന്നു. എന്നാൽ ചക്ലിയ സമുദായത്തിൽ നിന്നുള്ളവരുടെ തലമുടി മുറിക്കില്ലെന്ന് വാദത്തിൽ ബാർബർമാർ ഉറച്ചുനിന്നു. ഇൗ നിലപാടെടുത്ത രണ്ട്​ കടകൾ അടപ്പിക്കുകയാണ്​ ചെയ്​തത്​''-വട്ടവട പഞ്ചായത്ത് പ്രസിഡൻറ്​ രാമരാജ് പറഞ്ഞു.

ജാതി വിവേചനം ഇല്ലാതാക്കുന്നതിനായി കോവിലൂരിലെ ബസ് സ്റ്റാൻഡിന് സമീപം പഞ്ചായത്ത് ഉടൻ ഒരു പൊതു സലൂൺ തുറക്കുമെന്നും രാമരാജ് അറിയിച്ചു. എല്ലാ സമുദായങ്ങളിലെയും പുരുഷന്മാർക്ക് ഉപയോഗിക്കാവുന്ന സലൂണിൽ നിന്ന്​ ഉയർന്ന ജാതിക്കാർ മാറി നിൽക്കുമെന്ന്​ ഉറപ്പാണ്​. എന്നാൽ അത്തരം ചിന്താഗതിയില്ലാത്ത യുവജനങ്ങൾ പൊതുസലൂണിലെത്തുകയും അത്​ മറ്റുള്ളവർക്ക് അനുകരിക്കാനുള്ള മാതൃകയായി മാറുമെന്ന്​ പ്രതീക്ഷിക്കുന്നുവെന്നും രാമരാജ് പറഞ്ഞു.

''പഞ്ചായത്തിലെ എല്ലാ സമുദായക്കാർക്കും ഒരുമിച്ചിരിക്കാനും ഭക്ഷണം കഴിക്കാനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനും വേണ്ടി വിവിധ കമ്മ്യൂണിറ്റി പരിപാടികളും പഞ്ചായത്ത് നടപ്പാക്കുന്നുണ്ട്​. ജാതിയുടെ പേരിലുള്ള വിവേചനം ഇല്ലാതാക്കുക എന്നത്​ മന്ദഗതിയിലുള്ള പ്രക്രിയയാണ്. ഈ പ്രശ്നത്തെ മറികടക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്​.''- രാമരാജ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caste discriminationVattavadaDalitCommunity
Next Story