ഉത്തർപ്രദേശിൽ കാമുകിയുടെ ബന്ധുക്കൾ യുവാവിനെ കൊലപ്പെടുത്തി
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ബരാബങ്കിയിൽ യുവാവിനെ കാമുകിയുടെ ബന്ധുക്കൾ കൊലപ്പെടുത്തി. ഇരുവരും തമ്മിലുള്ള പ്രണയത്തെ എതിർത്ത പെൺകുട്ടിയുടെ ബന്ധുക്കൾ 30കാരനായ ദീപക് യാദവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് മനോജ് കുമാർ പാണ്ഡെ പറഞ്ഞു. പിതാവ് കിഷൻ യാദവ്, കുടുംബാംഗങ്ങളായ ചന്ദൻ, സുരേഷ് യാദവ് എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം. വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ദീപകിനെ പരിക്കുകളോടെ ഗ്രാമത്തിന് കുറച്ച് അകലെ കുടുംബാംഗങ്ങളാണ് കണ്ടെത്തിയത്. ദീപകിനെ മരക്കമ്പുകൾ കൊണ്ട് ക്രൂരമായി മർദ്ദിച്ച് കൊന്നുവെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. മരണ കാരണം കണ്ടെത്തുന്നതിന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും മനോജ് കുമാർ പാണ്ഡെ വ്യക്തമാക്കി. കിഷൻ യാദവിന്റെ മകളുമായി ദീപക് പ്രണയത്തിലായിരുന്നുവെന്നാണ് ഗ്രാമവാസികൾ പറയുന്നത്. കിഷനും കുടുംബാംഗങ്ങളും ഈ ബന്ധത്തിന് എതിരായിരുന്നു.