യു.പിയിൽ വിവാഹചടങ്ങിനിടെ റൊട്ടിയിൽ തുപ്പിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
text_fieldsലഖ്നോ: യു.പിയിൽ വിവാഹ ചടങ്ങിനിടെ റൊട്ടിയിൽ തുപ്പിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സമൂഹമാധ്യമ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തങ്ങൾ സ്വമേധയ കേസെടുക്കുകയായിരുന്നു. അന്വേഷണത്തിൽ റൊട്ടിയിൽ തുപ്പിയ പാചകക്കാരനെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് എസ്.പി ആയുഷ് വിക്രം സിങ് പറഞ്ഞു.
ബ്രഹ്മപുരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. ഫെബ്രുവരി 21ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. തുടർന്ന് ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയായിരുന്നു. മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ജനുവരി 20ാം യു.പിയിലെ ഗാസിയാബാദിൽ ഹോട്ടൽ ജീവനക്കാരൻ ഭക്ഷണത്തിൽ തുപ്പിയത് വിവാദമായിരുന്നു.
2024 ഡിസംബറിൽ യു.പിയിലെ തന്നെ ബുലന്ദ്ശഹറിലും സമാന സംഭവമുണ്ടായിരുന്നു. അന്ന് ഒരു പച്ചക്കറി കച്ചവടക്കാരനാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വർഷം ഭക്ഷണത്തിൽ തുപ്പുന്നവരുടെ ശിക്ഷ വർധിപ്പിക്കാൻ യു.പി സർക്കാർ ശിപാർശ ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ശക്തമായ നിയമത്തിന് ശിപാർശ ചെയ്തത്. 10 വർഷത്തെ തടവ് ശിക്ഷ ഉറപ്പാക്കുന്ന രീതിയിൽ നിയമം പരിഷ്‍കരിക്കണമെന്നാണ് ആവശ്യം ഉയർന്നത്. ഇതിനുള്ള നടപടികൾക്കും തുടക്കം കുറിച്ചിരുന്നു. ഇതിനായി രണ്ട് ഓർഡിനൻസുകൾ കൊണ്ടു വരേണ്ടി വരുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.
ഇത്തരത്തിൽ ഭക്ഷണം മലിനമാക്കുന്ന ഭക്ഷ്യസ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും യു.പി സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനുള്ള നിയമം വൈകാതെ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

