
Representative Image
ദലിത് വിദ്യാർഥികളുടെ പാത്രങ്ങൾ തൊടില്ല, പ്രത്യേകം മാറ്റിവെക്കും; യു.പിയിലെ സ്കൂളിൽ കടുത്ത ജാതിവിവേചനം
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ മെയിൻപുരിയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾ സ്കൂളിൽ നേരിടുന്നത് കടുത്ത ജാതിവിവേചനം. 80ൽ 60പേരും ദലിത് വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾ പഠിക്കുന്ന
ദൗദാപുരിലെ സർക്കാർ ൈപ്രമറി സ്കൂളിലാണ് ജാതി വിവേചനം. പിഞ്ചു വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകുന്ന പാത്രങ്ങൾ അധ്യാപകരോ പാചക തൊഴിലാളികളോ തൊടാറില്ല. അടുക്കളയോട് ചേർന്ന വൃത്തിയില്ലാത്ത പ്രത്യേക മുറിയിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നതും. കൂടാതെ ഭക്ഷണം കഴിച്ചതിന് ശേഷം പിഞ്ചുകുട്ടികൾ തന്നെ പാത്രം കഴുകി വെക്കുകയും വേണമെന്നും 'ദ ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു.
സ്കൂളിൽ ബേവാർ ബ്ലോക്ക് അധികാരികൾ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ പ്രധാനാധ്യാപകൻ ഗരീം രജ്പുത്തിനെ സസ്പെൻഡ് ചെയ്തു. കൂടാതെ രണ്ടു പാചക െതാഴിലാളികളെയും പുറത്താക്കി. ദലിത് വിദ്യാർഥികൾ ഉപയോഗിക്കുന്ന പാത്രങ്ങൾ തങ്ങൾ കൈകൊണ്ട് തൊടില്ലെന്ന് പാചക തൊഴിലാളികൾ പറഞ്ഞതായി അധികൃതർ പറയുന്നു.
ഗ്രാമത്തിൽ പുതുതായി അധികാരമേറ്റ സർപഞ്ച് മഞ്ജുദേവിയുടെ ഭർത്താവിന്‍റെ പരാതിയിലായിരുന്നു അധികൃതരുടെ പരിശോധന. പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ സ്കൂളിൽ പരിശോധന നടത്തിയതായും കുറ്റകാർക്കെതിരെ നടപടി സ്വീകരിച്ചതായും മൈൻപുരി ബേസിക് ശിക്ഷ അധികാരി കമൽ സിങ് പറഞ്ഞു.
'ദലിത് വിദ്യാർഥികളും മറ്റു വിദ്യാർഥികളും ഉപയോഗിക്കുന്ന പാത്രങ്ങൾ പ്രത്യേകം സൂക്ഷിച്ചിരിക്കുന്നതായായിരുന്നു പരാതി. ബ്ലോക്ക് വികസന ഓഫിസറും മറ്റു അധികൃതരും സ്കൂളിൽ സന്ദർശനം നടത്തിയിരുന്നു. പാചകത്തൊഴിലാളികളായ സോമവതിയും ലക്ഷ്മി ദേവിയും എസ്.സി വിദ്യാർഥികൾ ഉപയോഗിച്ചിരുന്ന പാത്രം തൊടാൻ പോലും തയാറായിരുന്നില്ല. തങ്ങളെ അതിന് നിർബന്ധിച്ചാൽ സ്കൂളിൽ ജോലി തുടരില്ലെന്നായിരുന്നു അവരുടെ മറുപടി. കൂടാതെ അവർ ജാതിഅധിക്ഷേപവും നടത്തി' - കമൽ സിങ് പറഞ്ഞു.
സെപ്റ്റംബർ 15നാണ് സ്കൂളിൽ ജാതിവിവേചനം നേരിടുന്നുവെന്ന് ചില വിദ്യാർഥികളുടെ മാതാപിതാക്കൾ സർപഞ്ച് മഞ്ജുദേവിയുടെ ഭർത്താവ് സഹബ് സിങ്ങിനെ അറിയിച്ചത്. 'സെപ്റ്റംബർ 18ന് സ്കൂളിൽ ഒരു യോഗത്തിനായി ഞാൻ പോയിരുന്നു. അടുക്കള വൃത്തികേടാക്കി ഇട്ടിരിക്കുകയായിരുന്നു. അവിടെ 10-15 പാത്രങ്ങൾ മാത്രമാണ് കാണാൻ സാധിച്ചതും. മറ്റു പാത്രങ്ങൾ എവിടെയെന്ന് പാചകക്കാരോട് ചോദിച്ചപ്പോൾ അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്നത് മറ്റു വിദ്യാർഥികളുടേതാണെന്നും എസ്.സി വിദ്യാർഥികളുടെ 50-60ഓളം പാത്രങ്ങൾ മാറ്റി സൂക്ഷിച്ചിട്ടുണ്ടെന്നും അറിയിച്ചു. കുട്ടികൾ തന്നെയാണോ അവരുടെ പാത്രങ്ങൾ കഴുകുന്നതെന്ന് ചോദിച്ചപ്പോൾ ഞങ്ങൾ അവരുടെ പാത്രങ്ങൾ തൊടില്ലെന്നായിരുന്നു മറുപടി' -സഹബ് സിങ് പറഞ്ഞു. തുടർന്ന് അദ്ദേഹം അധികാരികൾക്ക് പരാതി നൽകുകയായിരുന്നു.
ഗ്രാമത്തിൽ 35 ശതമാനം ദലിത് വിഭാഗത്തിൽപ്പെട്ടവരാണ്. അത്രതന്നെ താക്കൂർ വിഭാഗവും ഉൾപ്പെടും. പിന്നാക്ക വിഭാഗക്കാരാണ് മറ്റുള്ളവരെന്നും സഹബ് സിങ് പറയുന്നു.
'ബി.ജെ.പി ദലിത് ഉന്നമനത്തെചൊല്ലി നിരവധി അവകാശ വാദങ്ങൾ നിരത്തുന്നു. ഈ വിഭാഗത്തിൽപ്പെട്ട ചില നേതാക്കൾക്ക് സ്ഥാനങ്ങളും നൽകുന്നു. എന്നാൽ യു.പിയിലെ യഥാർഥ വസ്തുത ഇതാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഡോ. ബി.ആർ. അംബേദ്കറും സ്കൂൾ കാലഘട്ടത്തിൽ ഇത്തരം പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടാകും' -
എസ്.പി പിന്തുണയോടെ മെയിൻ പുരി ജില്ല പഞ്ചായത്തിേലക്ക് തെരഞ്ഞെടുക്കപ്പെട്ട ശുഭം സിങ്ങ് സംഭവ സ്ഥലം സന്ദർശിച്ച ശേഷം പറഞ്ഞു. സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്‍റെ കോട്ടയാണ് മെയിൻ പുരി.