യു.പിയിൽ യുവാവിനെ കാളവണ്ടിയിൽ കെട്ടിയിട്ട് ആക്രമിച്ച് നഗ്നനാക്കി നടത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്
text_fieldsലഖ്‌നൗ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ബലാത്സംഗക്കേസിൽ പ്രതി ചേർത്തിട്ടുള്ളയാളെ നാട്ടുകാർ കാളവണ്ടിയിൽ കെട്ടിയിട്ട് ആക്രമിച്ച് നഗ്നനാക്കി നടത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് പൊലീസ് കേസെടുത്തത്. 22 വയസുള്ള യുവാവിനെയാണ് വിവസ്ത്രനാക്കി കാളവണ്ടിയിൽ കെട്ടിവലിച്ച് നടത്തിയതായി വിഡിയോയിൽ കാണാം. സ്ത്രീകളടക്കം ഈ യുവാവിനെ ആക്രമിക്കുന്നതും വീഡിയോയിലുണ്ട്.
നിലവിൽ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്‌തിട്ടുണ്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് ഇയാളുടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നതിന് മുമ്പല്ല ബലാത്സംഗ പരാതി റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് പൊലീസ് പറയുന്നു.
മർദ്ദനമേറ്റ യുവാവിന്റെ കുടുംബത്തിന്റെ രേഖാമൂലമുള്ള പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രമേശ് പാണ്ഡെ പറഞ്ഞു.
അതെ സമയം, യുവാവിനെതിരെ ഒരു സ്ത്രീ നൽകിയ ബലാത്സംഗ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് രാമാനന്ദ് പ്രസാദ് കുശ്വാഹ പറഞ്ഞു. ഏപ്രിൽ ആദ്യവാരമാണ് സംഭവം നടന്നതെങ്കിലും ദിവസങ്ങൾക്ക് ശേഷമാണ് സ്ത്രീ പരാതി നൽകിയത്.
സംഭവത്തിൽ രണ്ട് വ്യത്യസ്ത സമുദായങ്ങളിൽ നിന്നുള്ള വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും സാമുദായിക സംഘർഷത്തിന് തെളിവുകളൊന്നുമില്ല. എന്നിരുന്നാലും മുൻകരുതൽ നടപടിയായി ഗ്രാമത്തിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് വിശേഷ്‍ശ്വർഗഞ്ച് എസ്.എച്ച്.ഒ ഗ്യാൻ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

