മഹാരാഷ്ട്രയിൽ ഷിൻഡെ വിഭാഗത്തെ വെട്ടി കോൺഗ്രസുമായും എ.ഐ.എം.ഐ.എമ്മുമായും സഖ്യമുണ്ടാക്കി ഭരണമുറപ്പിച്ച് ബി.ജെ.പി
text_fieldsമുംബൈ: മഹാരാഷ്ട്ര മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഏക്നാഥ് ഷിൻഡെ വിഭാഗം നേതൃത്വം നൽകുന്ന ശിവസേനയെ മാറ്റിനിർത്തി കോൺഗ്രസുമായും എ.ഐ.എം.ഐ.എമ്മുമായും സഖ്യമുണ്ടാക്കി ബി.ജെ.പി. താനെ ജില്ലയിലെ അംബർനാഥ് മുനിസിപ്പൽ കൗൺസിലിലെയും അകോട്ട് മുനിസിപ്പൽ കൗൺസിലിലെയും രാഷ്ട്രീയ സംഭവ വികാസങ്ങൾ പ്രാദേശിക രാഷ്ട്രീയത്തിൽ മാത്രമല്ല മഹാരാഷ്ട്രയിലുടനീളം വലിയ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്. വർഷങ്ങളായി ദേശീയ തലത്തിൽ കോൺഗ്രസ് മുക്ത ഇന്ത്യക്കായി മുദ്രാവാക്യം മുഴക്കുകയാണ് ബി.ജെ.പി. എന്നിട്ടാണ് അധികാരം ഉറപ്പിക്കാൻ കോൺഗ്രസുമായി സഖ്യമുണ്ടാക്കി അംബർനാഥിൽ 'വേറിട്ട വഴി' തെരഞ്ഞെടുത്തത്.
ഏക്നാഥ് ഷിൻടെ നേതൃത്വം നൽകുന്ന ശിവസേനയെ ഭരണസമിതിയിൽ നിന്ന് മാറ്റിനിർത്താനാണ് ബി.ജെ.പി കോൺഗ്രസുമായി സഖ്യമുണ്ടാക്കിയത്. എന്നാൽ മഹാരാഷ്ട്ര കോൺഗ്രസ് സഖ്യം നിരസിച്ചു. മാത്രമല്ല, അംബർനാഥ് ബ്ലോക്ക് മേധാവി പ്രദീപ് പാട്ടീലിനെയും അവരുടെ തെരഞ്ഞെടുക്കപ്പെട്ട കോർപറേറ്റർമാരെയും അച്ചടക്ക ലംഘനം നടത്തിയതിന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ബി.ജെ.പി, കോൺഗ്രസ്, അജിത് പവാറിന്റെ എൻ.സി.പി എന്നിവയാണ് അംബർനാഥ് വികാസ് അഘാഡി എന്ന പേരിൽ സഖ്യം രൂപീകരിച്ചത്. 14 ബി.ജെ.പി കൗൺസിലർമാരും 12 കോൺഗ്രസ് കൗൺസിലർമാരും നാല് എൻ.സി.പിക്കാരും ഒരു സ്വതന്ത്രനും അടങ്ങുന്നതായിരുന്നു ഈ സഖ്യം. മുനിസിപ്പൽ പ്രസിഡന്റ് സ്ഥാനം കൂടി ഉൾപ്പെടുത്തിയതോടെ, സഖ്യത്തിന്റെ ശക്തി 32 ആയി ഉയർന്നു. അതോടെ മുനിസിപ്പൽ കൗൺസിലിൽ ബി.ജെ.പിക്ക് ഭൂരിപക്ഷവും കിട്ടി. സഖ്യത്തിന്റെ പിന്തുണയോടെ ബി.ജെ.പി നേതാവ്
തേജശ്രീ കരഞ്ചുലെ അംബർനാഥ് മുനിസിപ്പൽ കൗൺസിലിന്റെ പ്രസിഡന്റ് (മേയർ) ആയി തെരഞ്ഞെടുക്കപ്പെട്ടു.
അകോല ജില്ലയിലെ അകോട്ട് മുനിസിപ്പൽ കൗൺസിലിലും സമാന രീതിയിലുള്ള സഖ്യമുണ്ടാക്കിയിരുന്നു. ഇവിടെ എ.ഐ.എം.ഐ.എമ്മിനെയാണ് ബി.ജെ.പി കൂട്ടുപിടിച്ചത്.
അതിനിടെ, കോൺഗ്രസുമായും എ.ഐ.എം.ഐ.എമ്മുമായും സഖ്യമുണ്ടാക്കിയ ബി.ജെ.പി നേതാക്കൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുന്നറിയിപ്പു നൽകി.
കോൺഗ്രസുമായും എ.ഐ.എം.ഐ.എമ്മുമായും ബി.ജെ.പിക്ക് ഒരിക്കലും സഖ്യമുണ്ടാക്കാൻ സാധിക്കില്ല. ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കാത്തതാണ് അങ്ങനെയുള്ള സഖ്യമെന്നും ഫഡ്നാവിസ് പറഞ്ഞു. അച്ചടക്കം ലംഘനം നടത്തിയ അത്തരം നേതാക്കൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഫഡ്നാവിസ് ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

