സ്റ്റാൻഡ് നൽകിയില്ല; ആശുപത്രിയിൽ ഡ്രിപ് ബോട്ടിൽ കൈയിൽ പിടിച്ച് 72കാരി നിന്നത് 30 മിനിറ്റോളം
text_fieldsഭോപ്പാൽ: പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പേരമകന്‍റെ ഡ്രിപ് ബോട്ടിലുമായി 72കാരി നിന്നത് 30 മിനിട്ട്. മധ്യപ്രദേശിലെ വല്ലഭായ് പട്ടേൽ ജില്ലാ ആശുപത്രിയിലാണ് ഡ്രിപ് സ്റ്റാൻഡ് ലഭിക്കാത്തതുകൊണ്ട് കയ്യിൽ ഡ്രിപ്പുമായി വയോധികക്ക് നിൽക്കേണ്ടി വന്നത്.
35 വയസ്സുള്ള പേര മകൻ അശ്വിനി മിശ്രയെ റോഡപകടത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി അധികൃതർ സ്റ്റാൻഡ് നൽകാത്തതിനെ തുടർന്ന് വയോധികക്ക് ഡ്രിപ് കൈയിൽ ഉയർത്തിപ്പിടിച്ച് അരമണിക്കൂറോളം നിൽക്കേണ്ടി വന്നു. ഈ സമയമത്രയും ജീവനക്കാർ ഒന്നും ചെയ്യാതെ നോക്കി നിൽക്കുകയായിരുന്നുവെന്നാണ് ആരോപണം. ആശുപത്രിയിൽ ആവശ്യത്തിനു ഡ്രിപ് സ്റ്റാൻഡുകളുണ്ടായിരുന്നുവെന്നും ജീവനക്കാർ മനപൂർവം നൽകാത്തതാണെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.
പരിക്കേറ്റ തന്‍റെ പേരക്കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിനുവേണ്ടി അവശയായ വയോധിക ഏറെ നേരം ഡ്രിപ്പുമായി നിന്നുവെന്നാണ് സംഭവ സ്ഥലത്തുണ്ടായവർ പറയുന്നത്. അപകട സ്ഥലത്ത് നിന്ന് മിശ്രയെ ആശുപത്രിയിലെത്തിക്കുന്ന വഴിക്ക് ആംബുലൻസ് കേടാവുകയും കൂടെയുണ്ടായിരുന്നവർ തളളി എതോ വിധേന ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
ജില്ലാ ആശുപത്രിക്കെതിരെ ഉയർന്നുവന്ന അനാസ്ഥ സംബന്ധിച്ച വാർത്തകളിൽ ഏറ്റവും ഒടുവിലത്തേതാണ് ഇത്. ദിവസേന നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയിൽ അടിസ്ഥാന ചികിത്സാ സംവിധാനങ്ങൾ ലഭ്യമാക്കാത്തതിനെതിരെ നിരവധി പരാതികളാണ് ഉയർന്നുവരുന്നത്.
ആശുപത്രിയിൽ സ്റ്റാൻഡിന് ക്ഷാമം ഇല്ലെന്നും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് ആറേഴു മിനിറ്റിനുള്ളിൽ തന്നെ ചികിത്സ ലഭ്യമാക്കിയെന്നും വയോധിക സ്വന്തം താൽപ്പര്യത്തിന് ഡ്രിപ് കൈയിൽ പിടിക്കുകയായിരുന്നുവെന്നുമാണ് ആശുപത്രിയിലെ സിവിൽ സർജൻ മനോജ് ശുക്ലയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

