ന്യൂഡൽഹി: രാജ്യത്ത് 10 വർഷത്തിനിടെ അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ 631 പേർ മരിച്ചതായി റിപ്പോർട്ട്. അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ 2010 മുതൽ 2020വരെ എത്രപേർ മരിച്ചുവെന്ന വിവരാവകാശ രേഖക്ക് മറുപടിയായി നാഷനൽ കമിഷൻ ഫോർ സഫായ് കരംചരീസ് അറിയിച്ചതാണ് ഇക്കാര്യം.
2019ലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 115 പേരാണ് ഇക്കാലയളവിൽ രാജ്യത്ത് മരിച്ചത്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ മരണം. 112 പേരാണ് തമിഴ്നാട്ടിൽ മരിച്ചത്. ഉത്തർപ്രദേശ് 85, ഡൽഹി, കർണാടക 63, ഗുജറാത്ത് 61 എന്നിങ്ങനെയാണ് മരണസഖ്യ.
ഹരിയാനയിൽ 10 വർഷത്തിനിടെ 50 പേരാണ് മരിച്ചത്. ഈ വർഷം മാർച്ച് 31 വരെ രണ്ടുപേരാണ് അഴുക്കുചാലിൽ വീണ് മരിച്ചത്. 2018ൽ 73 പേരും 2017ൽ 93 പേരും മരിച്ചു. 2016 -55, 2015 -62, 2014 -52, 2013 -68, 2012-47, 2011 -37, 2010 -27 എന്നിങ്ങനെയാണ് മരണസംഖ്യ.
ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചതാണ് മാനുവൽ സ്കാവെൻജിങ്. തൊഴിൽ നിരോധനം ശരിയായി നടപ്പാക്കാത്തതും ഇൗ തൊഴിൽ ചെയ്യുന്നവരുടെ പുനരധിവാസം ഉറപ്പാക്കാത്തതുമാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു.
Latest Video:
: