കർണാടകയിൽ 50% റിബേറ്റിൽ ഗതാഗത പിഴയടക്കാം; ഡിസംബർ 12 വരെ മാത്രം
text_fieldsബംഗളൂരു: കർണാടക സർക്കാർ ഗതാഗത, വാഹന പിഴകൾക്ക് അമ്പതു ശതമാനം ഇളവ് പ്രഖ്യാപിച്ചു.നവംബർ 21 മുതൽ ഡിസംബർ 12 വരെയാണ് ഗതാഗത വകുപ്പിന്റെ പിഴകൾക്ക് ഇളവ് ലഭിക്കുക. 1991-92 നും 2019-20 നും ഇടയിൽ ഫയൽ ചെയ്ത എല്ലാ ട്രാഫിക് ഇ-ചലാനുകൾക്കും ആർ.ടി.ഒ കേസുകൾക്കും ഇളവ് ബാധകമാണ്.കൂടുതൽ വാഹന ഉടമകളെ അവരുടെ കുടിശ്ശിക തീർക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ട്രാഫിക് ചലാനുകളിൽ ഇത്തരമൊരു റിബേറ്റ് വാഗ്ദാനം ചെയ്യുന്നത് ഇത് അഞ്ചാം തവണയാണ്. ആയിരക്കണക്കിന് വാഹന ഉടമകൾ ഇതിനകം തന്നെ കുടിശ്ശികയുള്ള പിഴകൾ അടച്ചിട്ടുണ്ട്, ഇത് കോടിക്കണക്കിന് രൂപയുടെ വരുമാനത്തിന് കാരണമാകുന്നു.
കർണാടക സ്റ്റേറ്റ് പൊലീസ് (കെ.എസ്.പി) ആപ്, ബംഗളൂരു ട്രാഫിക് പൊലീസിന്റെ (ബി.ടി.പി) ആസ്ട്രാം ആപ്, അടുത്തുള്ള ട്രാഫിക് പൊലീസ് സ്റ്റേഷനിലോ ട്രാഫിക് മാനേജ്മെന്റ് സെന്ററിലോ അല്ലെങ്കിൽ കർണാടക വൺ, ബാംഗ്ലൂർ വൺ വെബ്‌സൈറ്റുകൾ വഴിയോ ട്രാഫിക് പിഴകൾ അടക്കാം.
ഗതാഗത, റോഡ് സുരക്ഷ കമീഷണർ എ.എം. യോഗീഷ് തന്റെ വകുപ്പുമായി ബന്ധപ്പെട്ട പിഴകൾ ആർ.ടി.ഒ.കളിലാണ് അടക്കേണ്ടതെന്ന് പറഞ്ഞു. ഞങ്ങൾ ഇ-ചലാൻ നൽകുന്നില്ല, അതിനാൽ ഓൺലൈൻ പേമെന്റ് സംവിധാനമില്ലെന്നും അദ്ദേഹം പറഞ്ഞു. 2020 മാർച്ച് വരെ എകദേശം അമ്പത്തിരണ്ട് കോടി രൂപ ഗതാഗതവകുപ്പിന് പിഴയായി ലഭിക്കാനുണ്ടെന്ന് കണക്കാക്കുന്നു. അമ്പത് ശതമാനം ഇളവ് നൽകിയാൽ എല്ലാ കുടിശ്ശികകളും ലഭിക്കുകയാണെങ്കിൽ 25 കോടി രൂപ ശേഖരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു,അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്ത സൗജന്യയാത്രകളുടെ ചെലവുതന്നെ കോടികളുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടാവുന്നത്. അതിനിടയിൽ വാഹനഗതാഗത വകുപ്പിന് ലഭിക്കാനുള്ള പിഴത്തുകകൾ പിരിച്ചെടുത്താലെങ്കിലും ചെറിയ ആശ്വാസമാകുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

