ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന പരാതിയിൽ 25കാരൻ 17മാസം ജയിലിൽ; ഡി.എൻ.എ റിപ്പോർട്ട് നെഗറ്റീവായതോടെ ജാമ്യം
text_fieldsമുംബൈ: അയൽവാസിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന പരാതിയിൽ ജയിലിലായ റസ്റ്ററന്റ് തൊഴിലാളിക്ക് 17 മാസങ്ങൾക്ക് ശേഷം ജാമ്യം. ഡി.എൻ.എ പരിശോധനയിൽ കുട്ടിയുടെ പിതാവ് ഇയാളല്ലെന്ന് കണ്ടെത്തിയതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
17 മാസങ്ങൾക്ക് മുമ്പാണ് 25കാരൻ ജയിലിലാകുന്നത്. സമീപവാസിയായ ബധിരയും മൂകയുമായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നായിരുന്നു 25കാരനെതിരായ ആരോപണം. സ്പെഷൽ സ്കൂളിലാണ് പെൺകുട്ടി പഠിക്കുന്നത്. 2019 ജൂൈലയിൽ സ്കൂളിൽവെച്ച് പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിലാക്കുകയായും കുട്ടി ഗർഭിണിയാണെന്ന് മനസിലാക്കുകയുമായിരുന്നു.
രണ്ടു തവണ സമീപവാസി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി വീട്ടുകാരോട് പറഞ്ഞു. മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും സമീപവാസിയെ പിടികൂടുകയും ചെയ്തു. പിടിയിലായ യുവാവ് ജാമ്യാപേക്ഷ നൽകിയെങ്കിലും അന്വേഷണം നടക്കുന്നതിനാൽ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഡി.എൻ.എ പരിശോധന റിപ്പോർട്ട് വന്നതോടെ യുവാവ് വീണ്ടും ജാമ്യാപേക്ഷ നൽകുകയായിരുന്നു.

