കോൺഗ്രസിന്റെ സമുദായ സന്തുലന ശ്രമം: ഹിമാചലിൽ മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയാകും
text_fieldsഷിംല: ഹിമാചൽ പ്രദേശിലെ സ്ഥാനമൊഴിയുന്ന സർക്കാറിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയാകും. സംസ്ഥാനത്തെ ആദ്യ ഉപമുഖ്യമന്ത്രിയാകും അഗ്നിഹോത്രി. കോൺഗ്രസിന്റെ ബാലൻസിങ് തന്ത്രത്തിന്റെ ഭാഗമായാണ് അഗ്നി ഹോത്രിയെ ഉപമുഖ്യമന്ത്രിയാക്കുന്നതെന്നാണ് റിപ്പോർട്ട്.
'ബസ് ഡ്രൈവറുടെ മകനായ' സുഖ്‍വിന്ദർ സിങ് സുഖുവിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കില്ലെന്നും എത്രയാളുകളുടെ പിന്തുണയുണ്ടെന്നതല്ല, ഇന്നയാളുടെ മകനാണെന്ന വിലാസമാണ് കോൺഗ്രസിൽ ആവശ്യമെന്നും അമിത് ഷാ പരിഹസിച്ചിരുന്നു.
ആറുതവണ മുഖ്യമന്ത്രിയായ രാജ വീർ ഭന്ദ്ര സിങിന്റെ ഭാര്യയാണെന്നും താനാണ് മുഖ്യമന്ത്രിയാകേണ്ടതെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭാ സിങ് അവകാശവാദമുന്നയിച്ചിരുന്നു. വീർ ഭന്ദ്ര സിങിന്റെ ശിഷ്യനാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുകേഷ് അഗ്നിഹോത്രി രംഗത്തെത്തിയിരുന്നത്.
പ്രതിഭാ സിങ്ങിനു വേണ്ടി അവരുടെ അണികൾ ദേശീയ നേതാക്കൾ കഴിയുന്ന ഹോട്ടലിൽ തമ്പടിച്ച് മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തിരുന്നു. കേന്ദ്ര നിരീക്ഷകനായി എത്തിയ ഛണ്ഡീഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ കാർ തടഞ്ഞു നിർത്തിപോലും പ്രതിഷേധക്കാർ പ്രതിഭക്ക് വേണ്ടി പ്രവർത്തിച്ചിരുന്നു. എന്നാൽ ദേശീയ നേതൃത്വം ശക്തമായി ഇടപെടുകയും മകന് മന്ത്രിസഭയിൽ പദവി വാഗ്ദാനം ചെയ്യുകയും ചെയ്തതോടെ മുഖ്യമന്ത്രി പദത്തിലേക്കുള്ളമത്സരത്തിൽ നിന്ന് പിൻമാറിയ പ്രതിഭ അഗ്നിഹോത്രിയെ മുഖ്യമന്ത്രിയാക്കാനും ആവശ്യപ്പെട്ടിരുന്നു.
ഈ പ്രതിഷേധങ്ങൾ തണുപ്പിക്കാനും പാർട്ടിയിൽ ഭിന്നത ഉണ്ടാകാതിരിക്കാനുമാണ് അഗ്നിഹോത്രിയെ ഉപമുഖ്യമന്ത്രിയായി തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

