മതവികാരം വ്രണപ്പെടുത്തിയെന്ന് യുവാവിനെതിരെ പരാതി; തെളിവായി പുസ്തകങ്ങൾ, ഞായറാഴ്ച യോഗം നടത്തിയിരുന്നുവെന്നും മധ്യപ്രദേശ് പൊലീസ്
text_fieldsപ്രതീകാത്മക ചിത്രം
ഭോപ്പാൽ: മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് കസ്റ്റഡിയിലെടുത്ത ആക്ടിവിസ്റ്റിനെതിരെ കുറ്റപത്രത്തിൽ തെളിവായി പുസ്തകങ്ങൾ. ഹൗ വി ഔട് റ്റു ലിവ് കൂട്ടായ്മയുടെ സഹസ്ഥാപകനായ സൗരവ് ബാനർജിക്കെതിരെയാണ് മധ്യപ്രദേശ് പൊലീസ് കുറ്റപത്രത്തിൽ പുസ്തകങ്ങൾ തെളിവാക്കിയത്.
ആദിവാസികളക്കം പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസവും അവകാശബോധവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഐടി ജീവനക്കാരുടെ കൂട്ടായ്മയാണ് ഹൗ വി ഔട് റ്റു ലിവ്. എന്നാൽ, ജൂലൈയിൽ ഒരു പ്രാദേശിക പ്രസിദ്ധീകരണത്തിൽ കൂട്ടായ്മ മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നുവെന്ന് വാർത്ത വന്നതിന് പിന്നാലെ പ്രതിരോധവുമായി സംഘപരിവാർ സംഘടനകൾ രംഗത്തെത്തുകയായിരുന്നു.
ഇതിനിടെ, ജൂലൈ 24ന് സാഹചര്യം വിശദീകരിക്കാൻ ഇൻഡോർ പ്രസ് ക്ളബ്ബിൽ കൂട്ടായ്മ സംഘടിപ്പിച്ച വാർത്തസമ്മേളനം സംഘപരിവാർ പ്രവർത്തകൾ അലങ്കോലപ്പെടുത്തിയിരുന്നു. തുടർന്ന്, ബാനർജിയെ പ്രസ് ക്ളബ്ബിൽ വെച്ചും മറ്റുള്ളവരെ പുറത്തുവെച്ചും കയ്യേറ്റം ചെയ്യുകയും ചെയ്തു.
ഇതിന് പിന്നാലെ, പ്രദേശവാസി നൽകിയ പരാതിയിൽ ജൂലൈ 26ന് ബാനർജിക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ബാനർജിയും സംഘവും ഞായറാഴ്ച കൂട്ടായ്മകൾ നടത്തുന്നുവെന്നും രാമനെയും സീതയെയും അപമാനിച്ചുവെന്നും കാണിച്ച് സംഘപരിവാർ പ്രവർത്തകനായ സച്ചിൻ ബൊമാനിയയാണ് പരാതി നൽകിയത്.
സെപ്റ്റംബർ 23ന് വിചാരണക്കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച കുറ്റപത്രത്തിലാണ് കണ്ടെത്തിയ തെളിവുകളായി രണ്ട് പുസ്തകങ്ങൾ പരാമർശിക്കുന്നത്. ഫാസിസത്തിനെതിരെ 88 പേജുള്ള പുസ്തകവും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം വിവരിക്കുന്ന 70 പേജുള്ള പുസ്തകവും ബാനർജിയിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ ഡോളറിൽ പണമെത്തിയിരുന്നുവെന്നും ഇത് ഫണ്ടിംഗ് ആവാൻ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു.
അതേസമയം, ഓൺലൈനായി ജോലിയെടുത്തിരുന്ന ബാനർജി കൃത്യമായി നികുതിയടച്ചാണ് ശമ്പളം കൈപ്പറ്റുന്നതെന്ന് അഭിഭാഷകൻ പറഞ്ഞു. ജന്മനാ ഹിന്ദുവായ ബാനർജിയെ വേട്ടയാടുകയാണ്. എഫ്.ഐ.ആറിൽ മതപരിവർത്തനം ആരോപിച്ചിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു. തുടർന്ന്, കേസിൽ വിചാരണക്കോടതി ബാനർജിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

