പുതിയ വാക്സിൻ നയം: ജനസംഖ്യയും കോവിഡ് വ്യാപനവും അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകും
text_fieldsന്യൂഡൽഹി: പുതിയ വാക്സിൻ നയം പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. ജനസംഖ്യയും കോവിഡ് വ്യാപനത്തിെൻറ തോതും അടിസ്ഥാനമാക്കിയാവും സംസ്ഥാനങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യുക. വാക്സിൻ പാഴാക്കിയാൽ അത് സംസ്ഥാനങ്ങളുടെ ക്വാട്ടയെ നെഗറ്റീവായി സ്വാധീനിക്കും. ജൂൺ 21 മുതൽ പുതിയ നയം നടപ്പാക്കി തുടങ്ങുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
ആരോഗ്യപ്രവർത്തകർ, മുൻനിര പോരാളികൾ, 45 വയസിന് മുകളിലുള്ളവർ, രണ്ടാം ഡോസ് ലഭിക്കാനുള്ളവർ എന്നിവർക്കാവും വാക്സിനേഷനിൽ മുൻഗണന ലഭിക്കുക. 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷനിൽ സംസ്ഥാനങ്ങൾക്ക് സ്വന്തംനിലക്കും മുൻഗണന ക്രമം നിശ്ചയിക്കാം. വാക്സിൻ നിർമാതാക്കൾ ഉൽപാദിപ്പിക്കുന്ന വാക്സിെൻറ 25 ശതമാനമാണ് സ്വകാര്യ ആശുപത്രികൾക്ക് നൽകുക. ഇവയുടെ കാര്യക്ഷമമായ വിതരണത്തിന് കേന്ദ്രസർക്കാറിെൻറ മേൽനോട്ടമുണ്ടാവും. കഴിഞ്ഞ ദിവസമാണ് പുതിയ വാക്സിൻ നയം നടപ്പാക്കുമെന്ന്കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.
ചില സംസ്ഥാനങ്ങൾ സ്വന്തംനിലക്ക് വാക്സിൻ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനായി കേന്ദ്രസർക്കാറിനെ സമീപിച്ച് അവർ അനുമതിയും തേടിയിരുന്നു. തുടർന്നാണ് സർക്കാർ വാക്സിൻ നയം മാറ്റിയത്. തുടർന്ന് 50 ശതമാനം വാക്സിൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകാനും ബാക്കിയുള്ളത് സംസ്ഥാനങ്ങൾക്ക് സ്വന്തംനിലക്ക് കണ്ടെത്താനുമുള്ള അനുവാദം കൊടുത്തു. എന്നാൽ, സ്വന്തംനിലക്ക് വാക്സിൻ കണ്ടെത്താൻ പരിമിതികളുണ്ടെന്ന് ചില സംസ്ഥാനങ്ങൾ അറിയിച്ചിരിക്കുകയാണ്. സാമ്പത്തികമായ പ്രയാസം അനുഭവിക്കുന്നുണ്ടെന്നും സംസ്ഥാനങ്ങൾ അറിയിച്ചു. തുടർന്നാണ് വാക്സിൻ നയം വീണ്ടും മാറ്റാൻ തീരുമാനിച്ചതെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു.
സുപ്രീംകോടതിയിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും വലിയ വിമർശനങ്ങൾ ഉയർന്നതോടെയാണ് വാക്സിൻ നയം മാറ്റാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

