ബിഹാറിൽ അഞ്ചിൽ മൂന്നും പ്രവചനാതീതം
text_fields30 വർഷത്തിനുശേഷം സി.പി.എം ലോക്സഭയിലേക്ക് ഭാഗ്യപരീക്ഷണത്തിനിറങ്ങിയ ഏക മണ്ഡലമായ ഖഗഡിയയിൽ ലോക്ജൻശക്തി പാർട്ടിയുടെ പുതുമുഖ സ്ഥാനാർഥിക്കും മത്സരം കടുപ്പമാണ്
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിൽ ബിഹാറിൽ അഞ്ച് മണ്ഡലങ്ങൾ നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളും നേടിയ എൻ.ഡി.എക്ക് ഇക്കുറി മൂന്ന് സീറ്റുകളിലും പ്രവചനാതീതമായ കടുത്ത മത്സരമാണ് നേരിടുന്നത്.
നാലിലും സിറ്റിങ് എം.പിമാരെ ഇറക്കിയ എൻ.ഡി.എ മണ്ഡലത്തിൽ അവർക്കെതിരായ ജനരോഷം ശമിപ്പിക്കാൻ പ്രചാരണം മോദിയിൽ മാത്രമൂന്നി. സിറ്റിങ് എം.പിമാരായ ജനതാദൾ യു സ്ഥാനാർഥികൾപോലും മോദിയുടെ മാത്രം പേരിൽ വോട്ടുചോദിച്ചാണ് ഇൻഡ്യ സഖ്യത്തെ നേരിടുന്നത്.
അററിയയിൽ സിറ്റിങ് എം.പി പ്രദീപ് കുമാർ സിങ് ആർ.ജെ.ഡിയുടെ ഷാനവാസ് ആലത്തിൽ നിന്നും കടുത്ത മത്സരമാണ് നേരിടുന്നത്. നേപ്പാളിനോട് അതിരിടുന്ന ഝൻഝാർപൂരിൽ ജനതാദൾ യുവിന്റെ സിറ്റിങ് എം.പി രാംപ്രീത് മണ്ഡലും വികാസ് ശീൽ ഇൻസാൻ പാർട്ടിയുടെ സുമൻ കുമാർ മഹാസേഠും തമ്മിലുള്ള പോരിലേക്ക് ബി.എസ്.പി സ്ഥാനാർഥിയായി ഗുലാബ് യാദവ് കൂടിയെത്തിയതോടെ ത്രികോണ മത്സരമായി മാറി.
ഇത് ഫലത്തിൽ എൻ.ഡി.എക്ക് ഗുണകരമാകും. സീറ്റുവിഭജനത്തിൽ ഘടകകക്ഷിയായ വി.ഐ.പിക്ക് നൽകിയ മണ്ഡലത്തിൽ മത്സരിക്കാൻ കഴിയാതെ പോയ ആർ.ജെ.ഡി നേതാവ് ഗുലാബ് യാദവ് ബി.എസ്.പി സ്ഥാനാർഥിയായി രംഗത്തുവരുകയായിരുന്നു.
കടുത്ത ഭരണവിരുദ്ധ വികാരമുള്ള മണ്ഡലത്തിൽ സിറ്റിങ് എം.പിയോടുള്ള രോഷം ജനങ്ങൾ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്നു. മറുഭാഗത്ത് ബിഹാറിലെ ഇൻഡ്യ സഖ്യത്തിൽ ഏറ്റവുമൊടുവിൽ ചേർന്ന വികാസ്ശീൽ ഇൻസാൻ പാർട്ടിക്ക് നൽകിയ സീറ്റിൽ സ്ഥാനാർഥിയാക്കിയ സുമൻ കുമാർ മഹാസേഠിന്റെ ആർ.എസ്.എസ് പശ്ചാത്തലം ആർ.ജെ.ഡി കാഡറുകളെ പ്രചാരണ രംഗത്ത് പിറകോട്ടടിപ്പിച്ചു. അവരിൽ പലരും ഗുലാബ് യാദവിനെ പരസ്യമായി പിന്തുണക്കുകയും ചെയ്യുന്നു.
രാജ്യത്ത് മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണത്തിന് ശിപാർശ ചെയ്ത മണ്ഡൽ കമീഷൻ ചെയർമാൻ ബിന്ദേശ്വരി പ്രസാദ് മണ്ഡലിന്റെ തട്ടകമായിരുന്ന മധേപുരയെ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, മുൻ കേന്ദ്രമന്ത്രി ശരത് യാദവ്, പപ്പു യാദവ് തുടങ്ങിയ ബിഹാർ രാഷ്ട്രീയത്തിലെ അതികായന്മാർ പ്രതിനിധാനംചെയ്തിട്ടുണ്ട്.
2019ലെ പൊതുതെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി ടിക്കറ്റിൽ മത്സരിച്ച ശരത് യാദവിനെ തോൽപിച്ച സിറ്റിങ് എം.പിയും ജനതാദൾ യു നേതാവുമായ ദിനേശ് ചന്ദ്ര യാദവാണ് എൻ.ഡി.എ സ്ഥാനാർഥി. പ്രഫസർ കുമാർ ചന്ദ്രദീപ് യാദവിനെയാണ് ആർ.ജെ.ഡി സ്ഥാനാർഥിയാക്കിയിരിക്കുന്നത്. 1989ൽ ജനതാദൾ ടിക്കറ്റിൽ മധേപുരയിൽ നിന്ന് ലോക്സഭയിലെത്തിയ രാമേന്ദ്ര കുമാർ യാദവിന്റെ മകനായ ചന്ദ്രദീപ് ലോക്സഭാ തെരഞ്ഞെടുപ്പിൽ കന്നിക്കാരനാണ്.
മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമൂനിൽ നിന്ന് ആർ.ജെ.ഡിയിലേക്കുവന്ന എം.എൽ.എ ശാനവാസ് ആലത്തിൽ നിന്നും സിറ്റിങ് എം.പി പ്രദീപ് കുമാർ സിങ് കടുത്ത മത്സരമാണ് അററിയയിൽ നേരിടുന്നത്. ജോകീഹാട്ടിൽ സ്വന്തം സഹോദരനെ തോൽപിച്ച എം.എൽ.എ ഷാനവാസിനും ലോക്സഭയിലേക്ക് കന്നിമത്സരമാണ്. സുപോലിൽ ആർ.ജെ.ഡിയുടെ ചന്ദ്രഹാസ് ചൗപാൽ ജനതാദൾ യുവിന്റെ ദിലേശ്വർ കമെയ്റ്റുമായാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.