'എ.ഐ പോലും തോറ്റുപോകുന്ന ഡിസൈൻ'; 90 ഡിഗ്രീ വളവിൽ മധ്യപ്രദേശിൽ ഒരു റെയിൽവേ മേൽപ്പാലം, 'അപകടം കൂടാതെ എങ്ങനെ വണ്ടിയോടിക്കും', വ്യാപക വിമർശനം
text_fieldsഭോപ്പാൽ: പലതരം മേൽപ്പാലങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ, മധ്യപ്രദേശിലെ അയിഷ്ബാഗ് സ്റ്റേഡിയത്തിനരികിലെ റെയിൽവേ മേൽപ്പാലം കണ്ടാൽ തീർച്ചയായും ഒന്ന് ആശ്ചര്യപ്പെടും. ആരാണ് ഇങ്ങനെ മേൽപ്പാലം ഡിസൈൻ ചെയ്തതെന്ന് ചോദിച്ചുപോകും. അന്നാട്ടുകാരും ഇപ്പോൾ അതുതന്നെയാണ് ചോദിക്കുന്നത്. ഒപ്പം, പാലം തുറന്നാൽ അപകടങ്ങളുണ്ടാകുമോയെന്ന ഭീതിയും.
90 ഡിഗ്രീയിൽ ഒരു വളവാണ് മേൽപ്പാലത്തിന് മുകളിൽ. പാലത്തിന് മുകളിൽ ഈ കനത്ത വളവ് പിന്നിട്ട് വേണം വാഹനങ്ങൾക്ക് പോകാൻ. അപകടം ഉറപ്പാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
എന്തിനാണ് ഒരു മേൽപ്പാലം ഇങ്ങനെ രൂപകൽപ്പന ചെയ്തതെന്ന് കൗതുകപ്പെടുകയാണ് സമൂഹമാധ്യമങ്ങളിൽ പലരും. സാധാരണഗതിയിൽ മേൽപ്പാലങ്ങളിൽ കനത്ത വളവുകൾ ഒഴിവാക്കി കുറഞ്ഞ ഡിഗ്രീയിലുള്ള വളവുകളാണ് നൽകാറ്. ഇവിടെ, അത്തരത്തിൽ ചെറിയ വളവോടെ പാലം നിർമിക്കാനുള്ള സാഹചര്യമുണ്ടായിട്ടും എന്തിനാണ് 90 ഡിഗ്രീ വളവിൽ പാലം ഉണ്ടാക്കിയതെന്നാണ് ചോദ്യം.
'എ.ഐ പോലും തോറ്റുപോകും ഈ ഡിസൈനിന് മുന്നിൽ' എന്നാണ് ഒരാളുടെ കമന്‍റ്. വ്യാപക വിമർശനമുയർന്നതോടെ പി.ഡബ്ല്യു.ഡി മന്ത്രി രാകേഷ് സിങ് സംഭവം പരിശോധിക്കുമെന്ന് പറഞ്ഞിരിക്കുകയാണ്. 'ഒരു പാലം പണിയുമ്പോൾ ഒരുപാട് സാങ്കേതികവശങ്ങൾ പരിശോധിക്കേണ്ടതുണ്ട്. പാലത്തിലെ വളവ് എന്തുകൊണ്ടാണെന്ന് പരിശോധിക്കാം' -മന്ത്രി പറഞ്ഞു.
648 മീറ്റർ നീളവും 8.5 മീറ്റർ വീതിയുമുള്ള പാലം 18 കോടി ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. സാധാരണഗതിയിൽ ജങ്ഷനുകളുള്ള പാലങ്ങളിൽ മാത്രമേ 90 ഡിഗ്രീയിലുള്ള വളവുകൾ കാണാറുള്ളൂ. എന്നാൽ ഇവിടെ ജങ്ഷൻ ഇല്ലാതെ തന്നെ 90 ഡിഗ്രീ വളവിൽ പാലം നിർമിക്കുകയായിരുന്നു. പരിചയമില്ലാത്ത ഡ്രൈവർമാർ ഓടിച്ച് മുകളിലെത്തിയാൽ മാത്രമേ ഈയൊരു വളവ് ശ്രദ്ധയിൽപെടൂവെന്നും വളവിൽ ഏറെ അപകടസാധ്യതയുണ്ടെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

