എൻ.ആർ.സി നടപ്പാക്കിയ അസമിൽ എസ്.ഐ.ആറിന് പകരം എസ്.ആർ
text_fieldsന്യൂഡൽഹി: കേരളത്തിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അസമിൽ വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്‍കരണം (എസ്.ഐ.ആർ) നടപ്പാക്കുന്നതിന് പകരം ചൊവ്വാഴ്ച മുതൽ വോട്ടർപട്ടിക പ്രത്യേക പരിഷ്‍കരണം (എസ്.ആർ) നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. എൻ.ആർ.സി തയാറാക്കിയ അസമിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ പൗരത്വ പരിശോധന നടത്തുന്നുണ്ടെന്നും അതുകൊണ്ടാണ് എസ്.ആർ നടത്തുന്നതെന്നും കമീഷൻ അറിയിച്ചു.
രാജ്യമൊട്ടുക്കും നടപ്പാക്കുന്ന എസ്.ഐ.ആർ പൗരത്വ പട്ടികയാണെന്ന ആക്ഷേപത്തിന് സാധൂകരണം നൽകുന്നതാണ് എസ്.ആർ സംബന്ധിച്ച കമീഷൻ വിശദീകരണം. പൗരത്വ പട്ടിക തയാറാക്കിയതിനാൽ പൗരത്വ രേഖകൾ ചോദിക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് കമീഷൻ കൈക്കൊണ്ടിരിക്കുന്നത്. എസ്.ഐ.ആർ പോലെ മുൻകൂട്ടി പൂരിപ്പിച്ച രജിസ്റ്ററുമായി ബി.എൽ.ഒമാർ വീടുവീടാന്തരം കയറിയിറങ്ങി വോട്ടർമാരുണ്ടോ എന്ന് പരിശോധന നടത്തും. 2026 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായ പൗരന്മാർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാമെന്നും കമീഷൻ വ്യക്തമാക്കി.
അനധികൃതമെന്ന് ആരോപിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് വീടുകൾ ഇടിച്ചുനിരത്തിയതിനാൽ വിലാസമില്ലാതായ അവർക്ക് വോട്ടവകാശം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. 2014 മുതൽ 2019 വരെ നീണ്ട പ്രക്രിയക്കൊടുവിലാണ് അസമിൽ ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) നടപ്പാക്കിയത്. 19 ലക്ഷം പേർക്ക് അതോടെ പൗരത്വമില്ലാതായിരുന്നു.
ലീഗ് സുപ്രീംകോടതിയില്‍
കണ്ണൂരിലെ ബി.എൽ.ഒയുടെ ആത്മഹത്യ കൂടി കണക്കിലെടുത്ത് കേരളത്തിലെ തിരക്കിട്ട എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് മുസ്‍ലിം ലീഗ് സുപ്രീംകോടതിയെ സമീപിച്ചു. എസ്.ഐ.ആര്‍ പ്രക്രിയയിലുള്ള സർക്കാർ ജീവനക്കാര്‍ക്ക് സമ്മര്‍ദം താങ്ങാനാകുന്നില്ലെന്നും ബി.എല്‍.ഒ അനീഷ് ആത്മഹത്യ ചെയ്തത് അതുകൊണ്ടാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് അഡ്വ. ഹാരിസ് ബീരാന്‍ മുഖേന ഹരജി സമർപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമെന്നും ഇതിനിടയില്‍ എസ്.ഐ.ആര്‍ നടപ്പാക്കുന്നത് അപ്രായോഗികമാണെന്നും പ്രവാസികള്‍ക്ക് ഇതുമൂലം വലിയ പ്രയാസമുണ്ടെന്നും ഹരജിയിൽ ബോധിപ്പിച്ചു. എസ്.ഐ.ആറിനെതിരായ മറ്റു ഹരജികൾക്കൊപ്പമായിരിക്കും സുപ്രീംകോടതി ഇതും കേൾക്കുക.
തമിഴ്നാട്ടിൽ എസ്.ഐ.ആർ നടപടികൾ അവതാളത്തിലേക്ക്
ഇന്നുമുതൽ ജോലി ബഹിഷ്‍കരണം
ചെന്നൈ: എസ്.ഐ.ആർ ജോലിയിൽനിന്ന് ഇന്നുമുതൽ മുതൽ വിട്ടുനിൽക്കാൻ തമിഴ്‌നാട് ഫെഡറേഷൻ ഓഫ് അസോസിയേഷൻസ് ഓഫ് റവന്യൂ എംപ്ലോയീസ് (ഫെറ) തീരുമാനിച്ചതോടെ സംസ്ഥാനത്ത് വോട്ടർപട്ടിക തീവ്ര പരിഷ്‍കരണ നടപടികൾ അനിശ്ചിതത്വത്തിലായി. അമിത ജോലിഭാരം, സമ്മർദം തുടങ്ങിയ പ്രശ്നങ്ങളുന്നയിച്ചാണ് ബി.എൽ.ഒമാർ ഉൾപ്പെടെയുള്ള റവന്യൂ ജീവനക്കാർ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങുന്നത്.
എസ്.ഐ.ആറിന് കൂടുതൽ ജീവനക്കാരെ നിയോഗിക്കുക, ഇവർക്ക് മതിയായ പരിശീലനം ലഭ്യമാക്കുക തുടങ്ങിയവയാണ് ഇവരുടെ ആവശ്യങ്ങൾ. എസ്.ഐ.ആർ ഫോമുകളുടെ വിതരണവും ശേഖരണവും, ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുക, അവലോകന യോഗങ്ങൾ തുടങ്ങിയവയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഡിസംബർ നാലിന് ഈ നടപടികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി ജില്ല കലക്ടർമാർ അർധരാത്രിവരെ അവലോകന യോഗങ്ങൾ നടത്തുന്നു. ഇതിന് പുറമെ ദിവസത്തിൽ ചുരുങ്ങിയത് മൂന്ന് വിഡിയോ കോൺഫറൻസുകളും സംഘടിപ്പിക്കുന്നു. ഏറെ ധിറുതിപിടിച്ചും ആസൂത്രണമില്ലാതെയുമാണ് എസ്.ഐ.ആർ നടപ്പാക്കുന്നത്. ഇത് ബി.എൽ.ഒ മാർക്ക് കടുത്ത മാനസിക സമ്മർദമാണ് ഉണ്ടാക്കുന്നതെന്ന് ‘ഫെറ’ ആരോപിക്കുന്നു. അധ്യാപകർ ഉൾപ്പെടെയുള്ള സംഘടനകളും പ്രതിഷേധത്തിൽ അണിനിരക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

