രാജസ്ഥാനിൽ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; വൈകീട്ട് കോൺഗ്രസ് എം.എൽ.എമാരുടെ യോഗം
text_fieldsന്യൂഡൽഹി: രാജസ്ഥാനിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എം.എൽ.എമാരുടെ യോഗം വിളിച്ചുചേർത്ത് കോൺഗ്രസ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോൺഗ്രസ് പ്രസിഡന്റാകുമ്പോൾ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചാൽ സചിൻ പൈലറ്റിന് ആ സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയെ യോഗത്തിൽ നിരീക്ഷകനായി പാർട്ടി ഹെഡ്ക്വാർട്ടേഴ്സ് നിയമിച്ചിട്ടുണ്ട്. സംസ്ഥാന ഇൻചാർജ് അജയ് മാക്കനും യോഗത്തിൽ പങ്കെടുക്കും.
അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിക്കാൻ പോകുന്ന അശോക് ഗെഹ്ലോട്ട് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി വരുന്ന ഗാന്ധി ഇതര അധ്യക്ഷനാണ്. അതേസമയം, രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാതിരിക്കാൻ വേണ്ടി അദ്ദേഹം വളരെയധികം ശ്രമിക്കുകയും ഈയാഴ്ചയിൽ ആദ്യം പാർട്ടി എം.എൽ.എമാരുടെ യോഗം വിളിച്ച് ശക്തി തെളിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഒരാൾക്ക് ഒരു പദവി എന്ന പാർട്ടി തീരുമാനം നിർബന്ധമായും നടപ്പാക്കണമെന്ന ശക്തമായ സന്ദേശം രാഹുൽ ഗാന്ധി നൽകിയതോടെയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാമെന്ന തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയത്. വിശ്വസ്തനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാനും അശോക് ഗെഹ്ലോട്ട് ശ്രമം നടത്തിയിരുന്നു.
എന്നാൽ പാർട്ടിയുടെ ശക്തമായ തീരുമാനം വന്നതോടെ സചിൻ പൈലറ്റിന് ആഗ്രഹിച്ച മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. കോൺഗ്രസ് ഒറ്റക്ക് അധികാരത്തിലുള്ള രണ്ട് സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ - മറ്റൊന്ന് ഛത്തീസ്ഗഡാണ്. 2024ലെ ലോക്‌സഭാ മത്സരത്തിന് ആറുമാസം മാത്രം ബാക്കിനിൽക്കെ അടുത്ത വർഷാവസാനമാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കുക.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കായി സചിൻ പൈലറ്റ് നഗരത്തിന് പുറത്തായിരുന്ന സമയത്താണ് അശോക് ഗെലോട്ട് ശക്തി പ്രകടനത്തിനായി ജയ്പൂരിൽ പാർട്ടി എം.എൽ.എമാരുടെ യോഗം വിളിച്ചത്. പൈലറ്റ് മടങ്ങിയെത്തിയപ്പോൾ, ഗെഹ്‌ലോട്ട് രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിൽ പങ്കെടുത്തു.
കോൺഗ്രസ് അധ്യക്ഷക്കാര്യത്തിലും രാജസ്ഥാൻ മുഖ്യമന്ത്രിയുടെ കാര്യത്തിലും ഹൈക്കമാൻഡ് തീരുമാനിക്കും എന്ന് സചിൻ പൈലറ്റ് പറഞ്ഞപ്പോൾ, ഗെഹ്ലോട്ട് പാർട്ടി മേധാവി സോണിയാ ഗാന്ധിയെ കാണുകയും അധ്യക്ഷ സ്ഥാനം തിരിച്ചുപിടിക്കാൻ രാഹുൽ ഗാന്ധിയോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. എന്നാൽ അധ്യക്ഷൻ ഗാന്ധികുടുംബത്തിന് പുറത്തു നിന്നുള്ളവരാകണം എന്ന നിലപാടിൽ രാഹുൽ ഗാന്ധി ഉറച്ചുനിന്നു. അതോടെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം നിലനിർത്താനും ഗെഹ്ലോട്ട് ശ്രമിച്ചത്.
അധ്യക്ഷ സ്ഥാനത്തേക്ക്, അശോക് ഗെഹ്ലോട്ടിന്റെ ഇതുവരെയുള്ള എതിരാളി ശശി തരൂരാണ്. ജി-23-ലെ മറ്റൊരംഗമായ മനീഷ് തിവാരിയും മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഒക്ടോബർ 17-ന് നടക്കുന്ന വോട്ടെടുപ്പിന് സെപ്റ്റംബർ 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഒക്‌ടോബർ 19-ന് ഫലം പ്രഖ്യാപിക്കും. ഇന്ത്യയിലുടനീളമുള്ള 9,000-ത്തിലധികം പ്രതിനിധികൾ വോട്ടർമാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

