ലോക്സഭ തെരഞ്ഞെടുപ്പ്: 21 ശതമാനം സിറ്റിങ് എം.പിമാരെ കൈയൊഴിഞ്ഞ് ബി.ജെ.പി
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനായി രണ്ടുഘട്ട സ്ഥാനാർഥികളെ ബി.ജെ.പി പട്ടികയിൽ 21 ശതമാനം സിറ്റിങ് എം.പിമാർ ഇടംപിടിച്ചില്ല. ലോക്സഭയിൽ 370 സീറ്റാണ് ഇക്കുറി ബി.ജെ.പി ലക്ഷ്യമിടുന്നത്. അതിനാൽ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രധാനമാണെന്നാണ് ബി.ജെ.പിയുടെ വാദം. മണ്ഡലങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർഥി പട്ടിക തയാറാക്കിയതെന്നും ബി.ജെ.പി വൃത്തങ്ങൾ പറയുന്നു.
ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത് മാർച്ച് രണ്ടിനായിരുന്നു. അന്ന് പ്രഗ്യ താക്കൂർ, രമേഷ് ബിധുരി, പർവേശ് വർമ തുടങ്ങിയ 33 സിറ്റിങ് എം.പിമാരെ ഒഴിവാക്കിയാണ് ബി.ജെ.പി 195 പേരുടെ സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്. ബുധനാഴ്ച പുറത്തുവിട്ട 72പേരുടെ പട്ടികയിൽ 30 ശതമാനം സിറ്റിങ് എം.പിമാരും ഔട്ടായി.
ആകെ 267 സ്ഥാനാർഥികളെയാണ് ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പട്ടികയിൽ 140 സിറ്റിങ് എം.പിമാരാണുള്ളത്. ആറു മണ്ഡലങ്ങളിലാണ് പ്രധാന അഴിച്ചുപണി നടന്നത്. ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ ഗൗതം ഗംഭീറിനെ ഒഴിവാക്കി ഹർഷ് മൽഹോത്രയെ മത്സരിപ്പിക്കും. വെസ്റ്റ് ഡൽഹിയിൽ യോഗേന്ദ്ര ചന്ദോലിയയും ഇറങ്ങും. വിദേശകാര്യ മന്ത്രി മീനാക്ഷി ലേഖിക്കും സീറ്റ് ലഭിച്ചില്ല. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് സിറ്റിങ് സീറ്റായ നാഗ്പൂർ തന്നെ നൽകി. ഗഡ്കരിയെ മത്സരിപ്പിക്കില്ലെന്ന് അഭ്യൂഹമുയർന്നിരുന്നു. ഹരിയാനയിലെ മുൻ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, കേന്ദ്രമന്ത്രിമാരായ അനുരാഗ് സിങ് ഠാക്കൂർ, പ്രഹ്ലാദ് ജോഷി എന്നിവരും മത്സരിക്കുന്നുണ്ട്. രാജ്യസഭ നേതാവും കേന്ദ്ര വാണിജ്യമന്ത്രിയുമായ പീയുഷ് ഗോയലും മത്സരിക്കുന്നുണ്ട്. കേരളത്തിലെ നാല് മണ്ഡലങ്ങളടക്കം 250ലേറെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്.
In 2 Lok Sabha lists, BJP has already dropped 21% of Its MPs
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

