'ഇന്ത്യ ഇനിയും ആക്രമിച്ചാൽ പ്രതികരണം അതിതീവ്രമാകും'; മുന്നറിയിപ്പുമായി അസീം മുനീർ
text_fieldsലാഹോർ: ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്താന്റെ സംയുക്ത സൈനിക മേധാവി അസിം മുനീർ. പാകിസ്താന്റെ സൈനിക മേധാവിയായതിന് ശേഷമുള്ള ആദ്യ പ്രസംഗത്തിലാണ് അസിം മുനീർ അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഏതെങ്കിലും ആക്രമണമുണ്ടായാൽ പാകിസ്ഥാന്റെ പ്രതികരണം കൂടുതൽ വേഗത്തിലും തീവ്രവുമാകുമെന്ന് അസീം മുനീർ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി.
പാകിസ്താന്റെ സംയുക്ത സൈനിക ആസ്ഥാന മന്ദിരത്തിന്റെ നിർമാണത്തെ ചരിത്രപരമെന്നാണ് അസീം മുനീർ വിശേഷിപ്പിച്ചത്. അയൽരാജ്യങ്ങളിൽ നിന്നും ഉയരുന്ന പുതിയ ഭീഷണികളിൽ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. കര-നാവിക-വ്യോമസേനകളെ ഒരുമിച്ച് കൊണ്ട് പോവുകയാണ് പ്രതിരോധസേന ആസ്ഥാനത്തിന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം ഇപ്പോൾ പുതിയ മേഖലകളിലേക്ക് കൂടി വ്യാപിക്കുകയാണ്. സൈബർസ്പേസ്, ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രം, ബഹിരാകാശം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലകളിലേക്കാണ് യുദ്ധം വ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മെയ് മാസത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ദിവസങ്ങൾ നീണ്ടുനിന്ന യുദ്ധം നടന്നിരുന്നു. ഇതിനൊടുവിലാണ് അസീം മുനീറിന് ഫീൽഡ് മാർഷലായി പ്രമോഷൻ നൽകിയത്. ഇതോടെ പാകിസ്താൻ സൈന്യത്തിലെ സർവശക്തനായി അസീം മുനീർ മാറി.
നേരത്തെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അസീം മുനീറിനെ യു.എസിലേക്ക് വിളിച്ചുവരുത്തി ചർച്ചകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ പാകിസ്താൻ സൈന്യത്തിൽ ഉയർന്ന പദവികൾ അസീം മുനീറിനെ തേടിയെത്തുകയായിരുന്നു. പാകിസ്താനിൽ പ്രധാനമന്ത്രിയേക്കാളും സ്വാധീനമുള്ള പദവിയിലാണ് അസീം മുനീറുള്ളതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

