ന്യൂഡൽഹി: ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ ഉച്ച കോടിയിലേക്ക് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ ക്ഷണിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇതുസംബന്ധിച്ച മാധ്യമവാർത്തകൾ ശരിെവച്ച വിദേശകാര്യ വക്താവ് രവീഷ്കുമാർ പാകിസ്താനടക്കം സംഘടനയിലെ എല്ലാ രാഷ്ട്രത്തലവൻമാരെയും ക്ഷണിക്കുമെന്ന് വ്യക്തമാക്കി.
എട്ട് അംഗരാജ്യങ്ങളും നാല് നിരീക്ഷക രാജ്യങ്ങളുമാണ് സംഘടനയിലുള്ളത്. ഈ വർഷം അവസാനം നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രിതലത്തിലുള്ള നേതാക്കളാണ് പങ്കെടുക്കുന്നത്. അംഗരാജ്യങ്ങൾക്കിടയിലെ സാമ്പത്തിക, വ്യാപാര സഹകരണമാണ് മുഖ്യ ചർച്ചാവിഷയം. ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രി പങ്കെടുത്താൽ ഇരുരാജ്യങ്ങൾക്കുമിടയിൽ മഞ്ഞുരുക്കമുണ്ടായേക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്.
ഇംറാൻ പ്രധാനമന്ത്രിയായതു മുതൽ ഇന്ത്യ-പാക് ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ ആദ്യമായി ആതിഥ്യമരുളുന്ന ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ സമ്മേളനം ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധങ്ങൾക്ക് പുതിയ തുടക്കമാകുമെന്നാണ് കരുതപ്പെടുന്നത്.