‘ഋഷിമാരോ സന്യാസിമാരോ അംഗീകരിക്കാത്ത വ്യാജ ഹിന്ദുമതം ഇറക്കുമതി ചെയ്യുന്നു’; മുസ്‍ലിം എം.എൽ.എമാരെ തൂക്കിയെടുത്തെറിയുമെന്ന സുവേന്ദുവിന്റെ പരാമർശത്തിനെതിരെ മമത
text_fieldsകൊൽക്കത്ത: ബഹുസ്വര രാഷ്ട്രത്തിന് അന്യമായ ഹിന്ദുമതത്തിന്റെ ഒരു ‘വ്യാജ’ വകഭേദം ബംഗാളിലേക്ക് ഇറക്കുമതി ചെയ്യുന്നതായി സുവേന്ദു അധികാരിയെ വിമർശിച്ച് ബംഗാൾ മുഖ്യന്ത്രി മമത ബാനർജി. അധികാരിയുടെ പുതിയ മുസ്‍ലിം വിരുദ്ധ പരാമർശത്തിനെതിരായിരുന്നു മമതയുടെ പ്രതികരണം. മന്ത്രിസഭയിലെ സഹപ്രവർത്തകൻ അവതരിപ്പിച്ച അപലപന പ്രമേയത്തിൽ പങ്കെടുക്കവെ നിയസഭയിൽ സംസാരിക്കുകയായിരുന്നു മമത.
‘നിങ്ങളുടെ ഇറക്കുമതി ചെയ്ത ഹിന്ദു മത പതിപ്പ് വേദങ്ങളോ നമ്മുടെ ഋഷിമാരോ സന്യാസിമാരോ അംഗീകരിച്ചിട്ടില്ല. മുസ്‍ലിംകൾ മുസ്‍ലിംകളായതുകൊണ്ട് മാത്രം പൗരന്മാരെന്ന നിലയിൽ അവരുടെ മൗലികാവകാശങ്ങൾ നിങ്ങൾക്ക് എങ്ങനെ നിഷേധിക്കാൻ കഴിയും? ഇത് വഞ്ചന ആണ്. നിങ്ങൾ ഒരു വ്യാജ ഹിന്ദുമതം ഇറക്കുമതി ചെയ്യുകയാണ്’ -ബി.ജെ.പി നിയമസഭാംഗങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടയിൽ മമത സഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവായ അധികാരി സസ്‌പെൻഷൻ നേരിടുന്നതിനാൽ സഭയിൽ ഉണ്ടായിരുന്നില്ല.
‘നമ്മൾ എല്ലാവരെയും ഉൾക്കൊള്ളുന്ന മതേതര, ബഹുസ്വര രാഷ്ട്രമാണ്. എല്ലാവർക്കും ഇഷ്ടമുള്ള മതം ആചരിക്കാൻ അവകാശമുണ്ട്. മതേതര ജനാധിപത്യത്തിൽ ഓരോ ഭൂരിപക്ഷത്തിന്റെയും കടമ ന്യൂനപക്ഷത്തെ സംരക്ഷിക്കുക എന്നതാണ്. ‘ഹിന്ദുക്കളെയും ഹിന്ദുമതത്തെയും സംരക്ഷിക്കാനുള്ള കടമയും അവകാശവും എനിക്കുണ്ട്. പക്ഷേ, നിങ്ങളുടെ പതിപ്പ് സംരക്ഷിക്കാനില്ല. ദയവായി ഹിന്ദു കാർഡ് കളിക്കാൻ വരരുത്…. ഞാൻ എത്രത്തോളം ഹിന്ദുവാണെന്ന് നിങ്ങളിൽ നിന്ന് എനിക്ക് ഒരു സർട്ടിഫിക്കറ്റിന്റെയും ആവശ്യമില്ല’- മമത പറഞ്ഞു. മുസ്‍ലിം സഭാംഗങ്ങളെ നിയമസഭയിൽ നിന്ന് പുറത്താക്കുമെന്ന് നിങ്ങളുടെ നേതാവിന് (അധികാരി) എങ്ങനെ പറയാൻ കഴിയും? ജനസംഖ്യയുടെ 33 ശതമാനം പേരെയും അവർക്ക് എങ്ങനെ പിരിച്ചുവിടാൻ കഴിയും?- മമത ചോദിച്ചു.
‘ബി.ജെ.പി സർക്കാർ രൂപീകരിക്കും. വിജയിച്ച് ഇവിടെ വരുന്ന അവരുടെ മുസ്‍ലിം എം.എൽ.എമാരെ ഞങ്ങൾ അവരെ കൈകളിലും കാലുകളിലും പിടിച്ച് റോഡിലേക്ക് എറിയും! പത്തു മാസങ്ങൾക്ക് ശേഷം ഞങ്ങൾ അവരെ ഈ റോഡിലേക്ക് എറിയും’ എന്നായിരുന്നു ബി.ജെ.പിയുടെ നന്ദിഗ്രാം എം.എൽ.എയും മമതയുടെ മുൻ അനുയായിയുമായ സുവേന്ദു അധികാരിയുടെ വിവാദ പരാമർശം.
ഭരണഘടനയെയും അതിന്റെ തത്വങ്ങളെയും അവഗണിച്ചതിന് തൃണമൂൽ കോൺഗ്രസ് മേധാവി തന്റെ മുൻ ശിഷ്യനെ രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷ നേതാവായിരുന്നിട്ടും ഭരണഘടന ആവർത്തിച്ച് ലംഘിക്കുകയാണ്. ഇത്തരം കാര്യങ്ങൾ പറയുന്ന വ്യക്തി ഭാവിയിൽ ഖേദിക്കേണ്ടിവരും. അദ്ദേഹം പാർട്ടികൾ മാറിക്കൊണ്ടേയിരിക്കുന്നു. കോൺഗ്രസ്, പിന്നീട് തൃണമൂൽ... ഇപ്പോൾ ബി.ജെ.പി. ഭാവിയിൽ മറ്റൊരു പാർട്ടിയിലേക്ക് മാറാൻ അധികാരിയിൽ നിന്ന് ഒരു അഭ്യർത്ഥന ഇനിയും ഉണ്ടാകുമെന്നും മമത കൂട്ടിച്ചേർത്തു.
മമത സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ, ബി.ജെ.പി നിയമസഭാംഗങ്ങൾ വാക്ക്ഔട്ട് നടത്തുകയും കറുത്ത വസ്ത്രം ധരിച്ച് നിയമസഭാ കവാടത്തിന് പുറത്ത് പ്രതിഷേധിക്കുകയും പേപ്പർ കീറിയെറിയുകയും ചെയ്തു. അവസരം നഷ്ടപ്പെടുത്താൻ തയ്യാറാകാതെ അധികാരി പുറത്തുനിന്ന് ഓടിയെത്തി ഗേറ്റിന് പുറത്ത് ചെറിയ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ബംഗാളിലെ എല്ലാ ഹിന്ദുക്കളുടെയും രക്ഷകനായി സ്വയം അവതരിപ്പിക്കാൻ ശ്രമിച്ചുകൊണ്ട്, ഡൽഹിയിൽ നിന്നുള്ള വിജേന്ദർ ഗുപ്തയുടെ മാതൃക ഉയർത്തിക്കാട്ടാൻ ശ്രമിക്കുകയാണെന്ന് അധികാരി പറഞ്ഞു.
‘അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ ടിക്കറ്റിൽ ജയിക്കുന്നത് മുസ്‍ലിംകൾ മാത്രമായിരിക്കും. തൃണമൂലിന് ഹിന്ദു എം.എൽ.എമാർ ഉണ്ടാകില്ല. ഞാൻ അതിൽ ഉറച്ചുനിൽക്കുന്നു. ബി.ജെ.പി സർക്കാർ രൂപീകരിക്കുമ്പോൾ നമ്മുടെ സ്പീക്കർ അവരുടെ എം.എൽ.എമാരെ തിരഞ്ഞെടുത്ത് പുറത്താക്കും’ - അധികാരി കൂട്ടിച്ചേർത്തു.
അധികാരിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അലി ഇമ്രാൻ റാംസ് വടക്കൻ ദിനാജ്പൂരിലെ ചകുലിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒരു പ്രത്യേക മതത്തിലെ ഒരു വിഭാഗം എം.എൽ.എമാരെ ലക്ഷ്യമിട്ടുള്ള അധികാരിയുടെ അപകീർത്തികരമായ പരാമർശം സംസ്ഥാനത്തിന്റെ പൊതു സന്തുലിതാവസ്ഥയെ അസ്വസ്ഥമാക്കുകയും ഒരു പ്രത്യേക മതത്തിലെ ജനങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുകയും ചെയ്തുവെന്ന് റാംസ് പരാതിയിൽ എഴുതി. അധികാരിയെ അറസ്റ്റ് ചെയ്യുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് തന്റെ പരാതിയുടെ ഒരു പകർപ്പ് മമതക്ക് ഇ മെയിൽ ചെയ്തതായി അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.