വിദ്വേഷ, ആൾക്കൂട്ട കൊലപാതകങ്ങൾക്കിരയാകുന്നവർക്ക് മതവും ജാതിയും നോക്കാതെ തുല്യ നഷ്ടപരിഹാരം നൽകണമെന്ന് ഇംപാർ
text_fieldsഭോപാൽ: വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഇരയായവർക്കുള്ള നഷ്ടപരിഹാരം ഇരയുടെ മതം പരിഗണിക്കാതെ തുല്യരീതിയിൽ നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ഭരണഘടനയുടെ 32ാം അനുഛേദ പ്രകാരം ഇംപാർ (ഇന്ത്യൻ മുസ്‌ലിംസ് ഫോർ പ്രോഗ്രസ് ആൻഡ് റിഫോംസ്) സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചു. 37 സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും എതിർ കക്ഷികളാക്കിയാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.
വിദ്വേഷ കുറ്റകൃത്യങ്ങൾക്കും ആൾക്കൂട്ടക്കൊലപാതകത്തിനും ഇരയായകുന്നവർക്ക് എക്സ് ഗ്രേഷ്യ നഷ്ടപരിഹാരം നൽകുന്നതിൽ സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നടപടിയെ ഹരജിയിൽ വിമർശിക്കുന്നുണ്ട്.
രാജസ്ഥാനിലെയും കർണാടകയിലെയും സർക്കാരുകൾ ആൾക്കൂട്ടക്കൊല, വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഇരയായവർക്ക് മതാധിഷ്ഠിത വിവേചനപരമായ നഷ്ടപരിഹാരം നൽകുന്നതിനെയും ഹരജിയൽ പരാമർശിക്കുന്നുണ്ട്. ഇത് ഭരണഘടന അനുവദിച്ച സമത്വത്തിന്റെയും മതം, വംശം, ജാതി എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്ന 15ാം അനുച്ഛേദത്തിന്റെയും ലംഘനമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഉദാഹരണമായി രാജസ്ഥാനിലെ ഉദയ്പൂരിൽ 2022 ജൂൺ 29ന് വിദ്വേഷ കുറ്റകൃത്യത്തിൽ കൊല്ലപ്പെട്ട കനയ്യലാലിന്റെ കൊലപാതകവും 2023 ഫെബ്രുവരി 17ന് ജുനൈദിന്റെയും നസീറിന്റെയും ജീവനോടെ കത്തിച്ച സംഭവവും പൊതുതാൽപര്യ ഹർജിയിൽ വിവരിച്ചു. അവർക്ക് നഷ്ടപരിഹാരം നൽകുന്നതിലെ വിവേചനം ചൂണ്ടിക്കാട്ടി. അതായത് കനയ്യലാലിന്റെ കുടുംബത്തിന് ഒരുലക്ഷം രൂപയുടെ ചെക്ക് കൈമാറി.
51 ലക്ഷം രൂപയും രണ്ട് ആൺമക്കൾക്ക് സർക്കാർ ജോലിയും നൽകി. ജുനൈദിന്റെയും നസീറിന്റെയും കാര്യത്തിൽ അവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തു. രണ്ട് പശുക്കളെ കടത്തിയെന്നാരോപിച്ച് മർദിച്ച റക്ബർ ഖാന്റെ കുടുംബത്തിന് 1.25 ലക്ഷം രൂപയാണ് രാജസ്ഥാൻ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.