വഖഫ് ഭേദഗതി നിയമത്തിനെതിരെ പട്നയിൽ മഹാറാലി; ജനശബ്ദം ഉയർത്തുമെന്ന് മൗലാന ഫൈസൽ വലി റഹ്മാനി
text_fieldsവഖഫ് നിയമത്തിനെതിരെ പട്നയിൽ നടന്ന മഹാറാലി
പട്ന (ബിഹാർ): കേന്ദ്ര സർക്കാറിന്‍റെ വിവാദ വഖഫ് ഭേദഗതി നിയമത്തിനെതിരെ ബിഹാറിലെ പട്നയിൽ മഹാറാലി. ഞായറാഴ്ച പട്നയിലെ ഗാന്ധി മൈതാനത്ത് നടന്ന റാലി പ്രമുഖ മുസ് ലിം സാമൂഹിക-മത സംഘടനകളിലൊന്നായ ഇമറാത്ത് ശരീഅ ആണ് സംഘടിപ്പിച്ചത്.
'ഭരണഘടന സംരക്ഷിക്കുക, വഖഫ് സംരക്ഷിക്കുക' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയുള്ള റാലിയിൽ മതപണ്ഡിതന്മാർ, സമുദായ നേതാക്കൾ, നിയമ വിദഗ്ധർ അടക്കം പതിനായിരങ്ങളാണ് പങ്കെടുത്തത്. ബിഹാർ, ഝാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികൾക്ക് ശേഷമാണ് പട്നയിൽ മഹാറാലി നടത്തിയത്.
വഖഫ് ഭേദഗതി നിയമത്തിനെതിരെ ഉറച്ച നിലപാടാണുള്ളതെന്നും ജനശബ്ദം ഉയർത്തുക തന്നെ ചെയ്യുമെന്നും ഇമറാത്ത് ശരീഅ അധ്യക്ഷൻ മൗലാന ഫൈസൽ വലി റഹ്മാനി റാലിയിൽ പ്രഖ്യാപിച്ചു. ഭരണഘടനയിലെ നിരവധി ആർട്ടിക്കിളുകൾ ലംഘിക്കുന്നതാണ് നിയമം. സുപ്രീംകോടതിയുടെ മുൻ വിധികളെ അവഗണിക്കുകയാണ്. ഇത് ആരാധനാലങ്ങൾ പൊളിക്കുന്നതിനോ കൈയേറ്റം ചെയ്യുന്നതിനോ വഴിയൊരുക്കും. മതേതരത്വത്തിന്‍റെ ആത്മാവിനും മതസ്വാതന്ത്ര്യത്തിന്‍റെ ഭരണഘടനാ ഉറപ്പിനും നേരെയുള്ള ആക്രമണമാണിതെന്നും റഹ്മാനി ചൂണ്ടിക്കാട്ടി.
ഇമറാത്ത് ശരീഅ അധ്യക്ഷൻ മൗലാന ഫൈസൽ വലി റഹ്മാനി
വഖഫ് ഭേദഗതി ബില്ലിനെതിരെ സമർപ്പിച്ച മുന്നൂറിലധികം പരാതികൾ കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞു. നീതിയുടെയും സമത്വത്തിന്‍റെയും തത്വങ്ങളെക്കാൾ പ്രത്യയശാസ്ത്ര അജണ്ടകൾ വെച്ചുള്ള വിവേചനപരവും യുക്തിരഹിതവുമായ നിയമത്തെ നിരസിക്കും. വിവാദ നിയമം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് മൗലാന ഫൈസൽ വലി റഹ്മാനി പറഞ്ഞു.
ഭാവിയിൽ അശോക സ്തംഭങ്ങളിലോ പുരാതന സ്മാരകങ്ങളിലോ ഉള്ള മതചിഹ്നങ്ങളുടെയോ ചരിത്രത്തിന്‍റെയോ പുരാവസ്തു തെളിവുകൾ ആവശ്യപ്പെട്ടാൽ ഏത് മാനദണ്ഡങ്ങൾ കൊണ്ട് സംരക്ഷിക്കാൻ സാധിക്കും. ഇന്ത്യയിലെ മുസ് ലിംകളുമായി ബന്ധപ്പെട്ട ചരിത്രപരമായ സംഭാവനകളും മതപൈതൃകവും ഇല്ലാതാക്കാനുള്ള ശ്രമമാണിത്. പൊതുജനത്തിന്‍റെ ചെറുത്തുനിൽപ്പിന് നയങ്ങൾ രൂപപ്പെടുത്താനുള്ള ശക്തിയുണ്ട്. ഭേദഗതി ചെയ്ത വഖഫ് നിയമം പൂർണമായി പിൻവലിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതിന് സമാധാനപരവും ജനാധിപത്യപരവുമായ മാർഗങ്ങളിലൂടെ സമ്മർദം ചെലുത്തുമെന്നും റഹ്മാനി കൂട്ടിച്ചേർത്തു.
വിവാദ നിയമം നടപ്പാക്കാനുള്ള ശ്രമച്ചിലാണ് ബിഹാറിലെ എൻ.ഡി.എ സർക്കാരെന്നും മഹാഗഡ് ബന്ധൻ അധികാരത്തിലെത്തിയാൽ നിയമനിർമാണം റദ്ദാക്കുമെന്നും രാഷ്ട്രീയ ജനതാദൾ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് മഹാറാലിയിൽ പ്രഖ്യാപിച്ചു.
രാജ്യത്ത് വെറുപ്പിന് സ്ഥാനമില്ലെന്നും സ്നേഹം മാത്രമേ നിലനിൽക്കൂവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മനസിലാക്കണമെന്ന് രാജീവ് രഞ്ജൻ യാദവ് എം.പി വ്യക്തമാക്കി. ഒരു കൈയിൽ ഗീതയും ഖുർആനും മറുകൈയിൽ ത്രിവർണ പതാകയും ഭരണഘടനയും എടുത്തു കൊണ്ട് മാത്രമേ നമുക്ക് ഹിന്ദുസ്ഥാന്‍റെ ആത്മാവിനെ സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കാനും കഴിയൂവെന്നും രഞ്ജൻ യാദവ് പറഞ്ഞു.
ഏപ്രിലിൽ ഇന്ത്യൻ പാർലമെന്‍റ് പാസാക്കിയ വിവാദ വഖഫ് ഭേദഗതി നിയമത്തിനെതിരെ രൂക്ഷമായ എതിർപ്പാണ് രാജ്യത്ത് ഉയർന്നത്. മുസ് ലിം സംഘടനകൾ, നിയമ വിദഗ്ദ്ധർ, ന്യൂനപക്ഷ അവകാശ പ്രവർത്തകർ അടക്കമുള്ളവർ പരസ്യ വിമർശനവുമായി രംഗത്തെത്തിയിരുന്നു. വഖഫ് ഭേദഗതി നിയമത്തിന്‍റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

