ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: മൻസൂർ ഖാൻ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ബംഗളൂരുവിലെ ഐ.എം.എ ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസിൽ ഉടമ മുഹമ്മദ് മൻസൂർ ഖാൻ അറസ്റ്റിൽ. വെള്ളിയാഴ്ച പുലർച്ചെ ദുബൈയിൽ നിന്ന് ന്യൂഡൽഹി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. മൻസൂർ ഖാനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്.
ഐ.എം.എ ജ്വല്ലറിയിൽ നിക്ഷേപം നടത്തിയ 40,000 പേരാണ് വഞ്ചിക്കപ്പെട്ടത്. ഇവരിലേറെയും സാധാരണക്കാരാണ്. മൻസൂർഖാൻ ഒളിവിൽ പോയതോടെ നിക്ഷേപകരുടെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.

ഇതോടെ കർണാടക സർക്കാറിന്‍റെ നിർദേശാനുസരണം കേസ് അന്വേഷണത്തിനായി ഡി.ഐ.ജി ബി.ആർ ദേവഗൗഡ 11 അംഗം പ്രത്യേക സംഘത്തെ നിയോഗിച്ചു. തുടർന്ന് മൻസൂർ ഖാൻ ദുബൈയിൽ ഉണ്ടെന്ന് കണ്ടെത്തി. ഇന്ത്യയിലെത്താനും നിയമ നടപടികൾ നേരിടാനും അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഹൃദ്രോഗമുണ്ടെന്നും ചികിത്സക്കായി നാട്ടിലേക്ക് വരികയാണെന്നും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വിശ്വസമുണ്ടെന്നും ദിവസങ്ങൾക്ക് മുമ്പ് വീഡിയോയിലൂടെ ഖാൻ അറിയിച്ചിരുന്നു.
താൻ 400 കോടി കോൺഗ്രസ് നേതാവ് റോഷൻ ബെയ്ഗിന് നൽകിയിരുന്നെന്നും എന്നാൽ അദ്ദേഹം അത് തിരികെ നൽകുന്നില്ലെന്നും മൻസൂർ ഖാൻ ആരോപിച്ചിരുന്നു. കർണാടകയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയിൽ, കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാറിൽനിന്ന് രാജി നൽകിയ വിമത എം.എൽ.എയാണ് റോഷൻ ബെയ്ഗ്. അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാത്തതിന് കഴിഞ്ഞ ദിവസം റോഷൻ ബെയ്ഗിനെ കസ്റ്റഡിയിലെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
