‘എനിക്ക് ഭയമില്ല, ഖേദമില്ല; സനാതന ധർമത്തെ പരിഹസിച്ചതിന്റെ പ്രതികരണം’ -ചീഫ് ജസ്റ്റിസിനെ ചെരിപ്പെറിഞ്ഞ പ്രതി രാകേഷ് കിഷോർ
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെ ചെരിപ്പെറിഞ്ഞതിൽ ഖേദമോ ഭയമോ ഇല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി പ്രതി രാകേഷ് കിഷോർ. സനാതന ധർമവുമായി ബന്ധപ്പെട്ട ഹരജിയെ ബി.ആർ. ഗവായി പരിഹസിച്ചതിന്റെ പ്രതികരണമാണിതെന്നും പ്രതി വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
‘ഞാൻ ഭയപ്പെടുന്നില്ല, ഖേദിക്കുന്നുമില്ല. സംഭവസമയത്ത് മദ്യപിച്ചിരുന്നില്ല. സെപ്റ്റംബർ 16ന് ഫയൽ ചെയ്ത ഒരു പൊതുതാൽപ്പര്യ ഹർജിയെ ചീഫ് ജസ്റ്റിസ് പരിഹസിച്ചതിനോടുള്ള പ്രതികരണമായാണ് ചെരിപ്പെറിഞ്ഞത്. സനാതന ധർമവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെ ‘തല പുനഃസ്ഥാപിക്കാൻ പോയി വിഗ്രഹത്തോട് പ്രാർത്ഥിക്കൂ’ എന്ന് പരിഹസിച്ചതാണ് തന്നെ വേദനിപ്പിച്ചത്. ഹരജിക്കാർക്ക് ആശ്വാസം നൽകിയില്ലെങ്കിലും അവരെ പരിഹസിക്കരുത്’ -രാകേഷ് കിഷോർ പറഞ്ഞു.
സനാതന ധര്‍മത്തെ അപമാനിക്കുന്നത് ഇന്ത്യ സഹിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചാണ് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെ ഇയാൾ ചെരിപ്പെറിഞ്ഞത്. 71 വയസ്സുള്ള രാകേഷ് കിഷോറാണ് അതിക്രമം നടത്തിയത്. ചെരിപ്പ് എറിയുന്നതിനിടെ സുപ്രീംകോടതി സുരക്ഷാ ജീവനക്കാര്‍ അഭിഭാഷകനെ തടഞ്ഞു.
എന്നാൽ, ഇതൊന്നുംതന്നെ ബാധിക്കില്ലെന്നും നടപടി വേണ്ടതില്ലെന്നും വ്യക്തമാക്കി ചീഫ് ജസ്റ്റിസ്, താൻ കേട്ടുകൊണ്ടിരുന്ന കേസിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു. പ്രതി 2011 മുതൽ സുപ്രീംകോടതി ബാർ അസോസിയേഷൻ അംഗമാണ്. മൂന്ന് മണിക്കൂറോളം കസ്റ്റഡിയിലെടുത്ത ശേഷം നടപടി വേണ്ടതില്ലെന്ന ചീഫ് ജസ്റ്റിസിന്റെ നിർദേശത്തെ തുടർന്ന് പ്രതിയെ വിട്ടയച്ചു.
മധ്യപ്രദേശിൽ ഖജുരാഹോയിലെ ക്ഷേത്രത്തിൽ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ മുമ്പ്, ചീഫ് ജസ്റ്റിസ് അത് ദൈവത്തോട് പോയി പറയൂ എന്ന് അഭിപ്രായപ്പെട്ടിരുന്നു. ‘പബ്ലിസിറ്റിക്കുവേണ്ടിയുള്ള കേസ് മാത്രമാണിത്. പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാന്‍ പറയൂ. ഭഗവാന്‍ വിഷ്ണുവിന്റെ ഉറച്ച ഭക്തനാണെങ്കില്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കൂ’ എന്നുമായിരുന്നു കേസിൽ ചീഫ് ജസ്റ്റിസ് പറഞ്ഞത്. തന്റെ പ്രതിഷേധം ചീഫ് ജസ്റ്റിസിന് നേരെ മാത്രമാണെന്നും ബെഞ്ചിലെ മറ്റ് അംഗമായ ജസ്റ്റിസ് വിനോദ് ചന്ദ്രനോട് ക്ഷമ പറയുന്നുവെന്നും സുരക്ഷ ജീവനക്കാർ പിടിച്ചുകൊണ്ടുപോകുന്നതിനിടെ രാകേഷ് കിഷോർ പറഞ്ഞു.
ചീഫ് ജസ്റ്റിസിന് നേരെയുണ്ടായ അതിക്രമത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി എന്നിവർ അപലപിച്ചു. സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിന് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കാൻ വാക്കുകളില്ല. ഇത് അദ്ദേഹത്തിനെതിരെ മാത്രമല്ല, നമ്മുടെ ഭരണഘടനക്ക് നേരെയുള്ള കടന്നാക്രമണമാണ്. രാജ്യം ചീഫ് ജസ്റ്റിസിന് ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്നും സോണിയ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

