‘രാഹുൽ ഗാന്ധി എന്റെ നേതാവാണ്’; ഡി.ശ്രീനിവാസ് വീണ്ടും കോൺഗ്രസിൽ
text_fieldsഹൈദരാബാദ്: മുതിർന്ന രാഷ്ട്രീയ നേതാവും ടി.ആർ.എസ് മുൻ രാജ്യസഭാ എം.പിയുമായ ഡി.ശ്രീനിവാസ് വീണ്ടും കോൺഗ്രസിൽ ചേർന്നു. 2004ൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കുന്നിൽ നിർണായക പങ്കുവഹിച്ച നേതാവാണ് ഡി.ശ്രീനിവാസ്. അദ്ദേഹത്തിന്റെ മകൻ ഡി.അരവിന്ദ് നിസാമാബാദിൽനിന്നുള്ള ബി.ജെ.പി എം.പിയാണ്.
ഗാന്ധിഭവനിൽ നടന്ന പരിപാടിയിൽ തെലങ്കാന സംസ്ഥാന കാര്യ ചുമതലയുള്ള മണി റാവു താക്കറെയും ടിപിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡിയും ശ്രീനിവാസിനെ കോൺഗ്രസിലേക്ക് സ്വീകരിച്ചു. ശ്രീനിവാസിനൊപ്പം അദ്ദേഹത്തിന്റെ മകനും നിസാമാബാദിലെ മുൻ മേയറുമായ സഞ്ജയും കോൺഗ്രസിൽ ചേർന്നു. എം.പിമാരായ ഉത്തംകുമാർ റെഡ്ഡി, വെങ്കട്ട് റെഡ്ഡി, മുൻ മന്ത്രിമാരായ ജാനറെഡ്ഡി, ഷബീർ അലി, പൊന്നല ലക്ഷ്മയ്യ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ഡൽഹിയിൽ നടക്കുന്ന സത്യഗ്രഹ സമരത്തിൽ ശ്രീനിവാസ് പങ്കെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.
''രാഹുൽ ഗാന്ധി എന്റെ നേതാവാണ്. അദ്ദേഹത്തിന് എം.പിയായിരിക്കാൻ യോഗ്യതയില്ലെന്ന് എങ്ങനെ പറയാനാവും. ആ കുടുംബത്തിന്റെ ത്യാഗവും അനുഭവവും പരിഗണിക്കുമ്പോൾ അവരുടെ യോഗ്യതെ ചോദ്യം ചെയ്യാനാവില്ല. ഞാൻ ഇന്ന് തന്നെ പാർട്ടിയിൽ ചേരും. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അവരുടെ പ്രതിഷേധ പരിപാടിയിൽ ഞാനും പങ്കെടുക്കും''-ശ്രീനിവാസ് പറഞ്ഞു.
ആന്ധ്രാപ്രദേശ് പി.സി.സി അധ്യക്ഷനായിരുന്ന ഡി. ശ്രീനിവാസ് 2015-ലാണ് കോൺഗ്രസ് വിട്ടത്. 1989, 1999, 2004 വർഷങ്ങളിൽ കോൺഗ്രസ് എം.എൽ.എ ആയ ശ്രീനിവാസ് രാജശേഖർ റെഡ്ഢി മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

