ടി.സി.എസ് കേസിൽ നിത ഖാൻ ഒളിച്ചു താമസിച്ച കെട്ടിടം പൊളിച്ചുനീക്കി ഔറംഗാബാദ് നഗരസഭ
text_fieldsമുംബൈ: നാസിക് ടി.സി.എസിലെ ലൈംഗികാതിക്രമണ, മതംമാറ്റ കേസിൽ ആരോപണ വിധേയയായ നിത ഖാൻ ഒളിച്ചു താമസിച്ച ആൾ ഇന്ത്യ മജിലിസേ ഇതിഹാദുൽ മുസ്ലിമീൻ (മജ്ലിസ് പാർട്ടി ) കോർപറേറ്ററുടെ ബംഗ്ലാവ് ഔറംഗാബാദ് നഗരസഭ പൊളിച്ചുനീക്കി. മജ്‌ലിസ് പാർട്ടി കോർപറേറ്റർ മതീൻ പട്ടേലിന്റെ സമ്പാജീ നഗറിലെ നരേഗാവിലുള്ള ഇരുനില ബംഗ്ലാവും അടുത്തുള്ള ഓഫിസും കടമുറികളുമാണ് ബുധനാഴ്ച പുലർച്ചെ ബുൾഡോസർ ഉപയോഗിച്ച് തകർത്തത്.
അനധികൃത കെട്ടിടമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കനത്ത പൊലീസ് കാവലിലായിരുന്നു പൊളിച്ചുനീക്കൽ. കഴിഞ്ഞ ഏഴിന് രാത്രി ഇതേ ബംഗ്ലാവിൽ നിന്നാണ് നിത ഖാൻ അറസ്റ്റിലായത്. ഒളിച്ചു പാർക്കാൻ നിതാഖാനെ സഹായിച്ചതിന് മതീൻ പട്ടേലിനെതിരെ കേസെടുത്തിട്ടുണ്ട്. തൊട്ടു പിന്നാലെ അനധികൃതമായി നിർമിച്ച കെട്ടിടം പൊളിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയിരുന്നു. 72 മണിക്കൂറിനകം കാരണം ബോധിപ്പിച്ചില്ലെങ്കിൽ കെട്ടിടം പൊളിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. 15 ദിവസത്തെ സാവകാശം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. കെട്ടിടം പൊളിക്കുന്നത് തടയാൻ കോടതിയും ഇടപെട്ടില്ല. നഗരസഭ കോർപറേറ്റർ പദവിയിൽനിന്ന് മതീൻ പട്ടേലിനെ നീക്കാനുള്ള നടപടികളിലാണ് നഗരസഭ.
നഗരസഭ ഭരിക്കുന്നത് ബി.ജെ.പിയാണ്. പ്രധാന പ്രതിപക്ഷം മജിലിസ് പാർട്ടിയാണ്. സംഭവസ്ഥലത്ത് എത്തി അണികളോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ട മജ്ലിസ് പാർട്ടി സംസ്ഥാന അധ്യക്ഷൻ ഇംതിയാസ് ജലീൽ കെട്ടിടം പൊളിച്ചു നീക്കിയ അതേ സ്ഥലത്ത് പാർട്ടി മതീൻ പട്ടേലിന് വലിയ വീട് നിർമിച്ചു നൽകുമെന്ന് അറിയിച്ചു. നഗരസഭ അനാവശ്യ ധൃതികാണിക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

