ബി.ജെ.പി നേതാവിന്റെ ഫാംഹൗസിൽ നിയമവിരുദ്ധ കറുപ്പ് കൃഷി; പുറത്താക്കി തടിതപ്പി പാർട്ടി
text_fieldsദുർഗ് (ഛത്തീസ്ഗഢ്): സ്വന്തം ഫാംഹൗസിൽ അനധികൃതമായി കറുപ്പ് (Opium) കൃഷി ചെയ്തെന്ന ആരോപണത്തെത്തുടർന്ന് ബി.ജെ.പി നേതാവിനെതിരെ നടപടി. ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിലെ ബി.ജെ.പി നേതാവ് വിനായക് താമ്രകാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ വിനായകിനെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു.
ജില്ലയിലെ ഉൾപ്രദേശത്തുള്ള ഫാംഹൗസിൽ അനധികൃതമായി കറുപ്പ് കൃഷി ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് പൊലീസും പ്രാദേശിക ഭരണകൂടവും ചേർന്ന് പരിശോധന നടത്തിയത്. മറ്റു കൃഷികൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു കറുപ്പ് കൃഷി ചെയ്തിരുന്നതെന്ന് ദുർഗ് പൊലീസ് സൂപ്രണ്ട് വിജയ് അഗർവാൾ അറിയിച്ചു.
മയക്കുമരുന്ന് വിരുദ്ധ നിയമമായ (എൻ.ഡി.പി.എസ്) ആക്ട് പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. താമ്രകാർ ഉൾപ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തതായും ഇവരെ കോടതിയിൽ ഹാജരാക്കിയതായും പൊലീസ് വ്യക്തമാക്കി. കൃഷിയുടെ വ്യാപ്തിയും ഇതിൽ ഉൾപ്പെട്ട മറ്റുള്ളവരെയും കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കണ്ടെടുത്ത ചെടികളുടെ സാമ്പിളുകൾ ലാബ് പരിശോധനക്കായി അയച്ചിട്ടുണ്ട്.അന്വേഷണത്തിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
സംഭവം പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചെന്ന് വിലയിരുത്തിയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം നടപടി സ്വീകരിച്ചത്. ബി.ജെ.പി കിസാൻ മോർച്ചയുടെ റൈസ് മിൽ പ്രോസസിങ് പ്രോജക്റ്റ് സംസ്ഥാന കോഓഡിനേറ്ററായിരുന്നു വിനായക് താമ്രകാർ. പാർട്ടിയുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി നവീൻ മാർക്കണ്ഡേ സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് കിരൺ സിംഗ് ദിയോയുടെ നിർദേശപ്രകാരമാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

