ഡാൻസ് ബാറിൽ റെയ്ഡ്; 28 യുവതികളെ രക്ഷപ്പെടുത്തി, മൂന്നുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: കോറമംഗലയിൽ പബ്ബിന്റെ മറവിൽ നടത്തിവന്ന അനധികൃത ഡാൻസ് ബാറിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തി. പബ്ബിലെ മുറികളിലായി താമസിപ്പിച്ചിരുന്ന വിവിധ സംസ്ഥാനക്കാരായ 28 യുവതികളെ രക്ഷപ്പെടുത്തി.
കേസിൽ മൂന്നുപേർ അറസ്റ്റിലായി. ലക്ഷക്കണക്കിന് രൂപയും അന്വേഷണ സംഘം കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പബ്ബിൽ മദ്യം വിളമ്പുന്ന ജോലിക്കെന്ന പേരിലാണ് യുവതികളെ എത്തിച്ചതെന്നും നൃത്തം ചെയ്യാൻ അവരെ നിർബന്ധിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
പാർട്ടി കഴിഞ്ഞാൽ പബ്ബിന്റെ ഒന്നും രണ്ടും നിലകളിൽ ഇവരെ ഉടമകൾ പൂട്ടിയിടുകയായിരുന്നു പതിവ്. പബ്ബിലെ മറ്റു ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.

